രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മുംബൈയിൽ! മുംബൈയില്‍ വിദേശത്ത് പോകാത്തവര്‍ക്കും രോഗികളുമായി ബന്ധപ്പെടാത്തവര്‍ക്കും കോവിഡ് സമൂഹവ്യാപന ഘട്ടത്തിലെത്തിയെന്ന് സ്ഥിരീകരണം; രോഗികളില്‍ അന്‍പതിലേറെ ആരോഗ്യപ്രവര്‍ത്തകർ ഉള്‍പ്പെട്ടതോടെ ആശങ്കയോടെ അധികൃതർ

രാജ്യത്ത് ആദ്യമായി കൊറോണ സമൂഹവ്യാപന ഘട്ടത്തിലെത്തിയതിന് സ്ഥിരീകരണം. മുംബൈയിലാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മുംബൈയിലാണ് വിദേശത്ത് പോകാത്തവരിലും രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്തവരിലും രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് സമൂഹവ്യാപനമുണ്ടായതായി സ്ഥിരീകരിക്കാന്‍ കാരണം. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അതേസമയം, മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം ഇതിനോടകം ആയിരം കടന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെയുള്ള കണക്ക് പ്രകാരം 1018 കൊവിഡ് രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രമുണ്ട്. ഇതില്‍ 642 രോഗികളും മുംബൈ നഗരത്തില്‍ നിന്നാണ്. പൂണെയില്‍ 159 രോഗികളും താനെയില്‍ 87 രോഗികളുമുണ്ട്. എന്നാല്‍ രോഗം കണ്ടെത്തിയ മറ്റ് സംസ്ഥാനങ്ങളിലൊന്നും സമൂഹവ്യാപനം സ്ഥിരീകരിക്കാത്തത് രാജ്യത്തിന് അല്‍പ്പം ആശ്വാസം പകരുന്നുമുണ്ട്.
മുംബൈയിലെ ഏറ്റവും ജനസാന്ദ്രത ഏറിയ ഇടങ്ങളായ ചേരികളിലും മറ്റുമാണ് ഇപ്പോള്‍ തുടര്‍ച്ചയായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ കോര്‍പ്പറേഷനിലെ ഒരു വാര്‍ഡില്‍ തന്നെ 75 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമുണ്ട്. വോര്‍ളി, ലോവര്‍ പരേല്‍, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യപകമായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
മത്സ്യത്തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലു രോഗം അതിവേഗം വ്യാപിക്കുകയാണ്. രോഗികളില്‍ അന്‍പതിലേറെ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാനായി കൂടുതല്‍ വെന്റിലേറ്ററുകളും പിപിഇ കിറ്റുകളും ലഭ്യമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി.
https://www.facebook.com/Malayalivartha


























