കൊവിഡ് -19 നെത്തുടര്‍ന്ന് മരിച്ച വ്യക്തിയുടെ ശവസംസ്‌ക്കാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് പഞ്ചാബിലെ ജലന്ധറില്‍ 60 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു; രോഗം പടരുമെന്നാരോപിച്ചാണ് ഇവര്‍ മൃതദേഹം സംസ്‌ക്കരിക്കുന്നത് തടയാന്‍ ശ്രമിച്ചത്

ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച രോഗി വ്യാഴാഴ്ചയാണ് കൊവിഡ് ബാധിച്ച് സിവില്‍ ആശുപത്രിയില്‍വെച്ച് മരിക്കുന്നത്. ഏതാണ്ട് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന വാദപ്രതിവാദത്തിന് ശേഷമാണ് പ്രദേശവാസികള്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിച്ചത്.ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ഇതിനകം സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് ബാധിച്ച് മരിച്ച ബന്ധുക്കളുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ പോലും ആളുകള്‍ വിസമ്മതിച്ച സംഭവമുണ്ടായിട്ടുണ്ട്.പത്മശ്രീ ജേതാവ് നിര്‍മ്മല്‍ സിംഗ് ഖല്‍സയുടെ സംസ്‌കാരം നടത്താന്‍ അമൃത്സറിലെ വെര്‍ക്ക ഗ്രാമത്തിലെ ഒരു കൂട്ടം ഗ്രാമവാസികള്‍ വിസമ്മതിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതില്‍ അപകടമില്ലെന്ന് ആരോഗ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.
നേരത്തെ ലുധിയാനയില്‍ കൊവിഡ് ബാധിച്ച മരിച്ച 69 കാരിയുടെ മൃതശരീരം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ജില്ലാഭരണകൂടത്തിന് അന്ത്യകര്മ്മകള്‍ നടത്തേണ്ടി വന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























