115 വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിൽ ; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സൈഡസ് കാഡില, ബയോകോണ്‍, ഭാരത് ബയോടെക് തുടങ്ങിയ കമ്പനികളുടെ മരുന്നുകള്‍ താമസിയാതെ എത്തുമെന്ന പ്രതീക്ഷയിൽ ഇന്ത്യ

കോവിഡ് വൈറസിനെ തളയ്ക്കാനുമുള്ള ശ്രമങ്ങള്‍ തകൃതിയായി തുടരുന്നു. വാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തിലെത്താന്‍ അടുത്തവര്‍ഷമാകും. പ്ലാസ്മാ തെറാപ്പി, ആന്റിജെന്‍ തുടങ്ങിയ പുതിയ സങ്കേതങ്ങളിലേക്കും അന്വേഷണം കടന്നു. വിജയിച്ചാല്‍ ഉടന്‍ നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. ഇന്ത്യയില്‍ പത്തു ഗവേഷണങ്ങളാണ് മികച്ചനിലയില്‍ മുന്നേറിക്കഴിഞ്ഞിട്ടുള്ളത്. ഏറെ ചെലവുവരുന്നതാണ് മരുന്നു വികസന പ്രക്രിയ.
സാധാരണഗതിയില്‍ 5000 മുതല്‍ 6500 കോടി രൂപവരെ ഇതിന് ചെലവാകും. ചില പ്രത്യേക സമയങ്ങളില്‍മാത്രം കാണുന്ന പകര്‍ച്ചവ്യാധികളുടെ മരുന്നു കണ്ടുപിടിക്കുന്നതില്‍ കുത്തക കമ്പനികള്‍ സാധാരണ താത്പര്യം കാട്ടാറില്ല. ചെറുകിട കമ്പനികളോ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്ഥാപനങ്ങളോ നടത്തുന്ന പഠനങ്ങള്‍ക്ക് പിന്തുണനല്‍കാനാണ് ഇവര്‍ ശ്രമിക്കുക. ഇവിടെ നടക്കുന്ന പത്തു ഗവേഷണങ്ങളും ഇത്തരത്തില്‍ കൂട്ടുപ്രയത്‌നങ്ങളാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സൈഡസ് കാഡില, ബയോകോണ്‍, ഭാരത് ബയോടെക് തുടങ്ങിയ കമ്പനികളുടെ മരുന്നുകള്‍ താമസിയാതെ എത്തുമെന്ന പ്രതീക്ഷയാണുള്ളത്.
ഇതില്‍ ബയോകോണ്‍ പ്ലാസ്മാ തെറാപ്പിക്കുപുറമേ ആന്റിജെന്‍ അടിസ്ഥാനമാക്കിയ ചികിത്സാരീതിയുടെ ഗവേഷണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സ്ഥാപനങ്ങളുമായി കൂട്ടുചേര്‍ന്നുള്ള ഗവേഷണത്തിന്റെ സദ്ഫലം ഉടനെയുണ്ടാകുമെന്നും അറിയുന്നു.ആഗോളതലത്തില്‍ വികസിത-വികസ്വര രാഷ്ട്രങ്ങളില്‍ മരുന്നുഗവേഷണം നടക്കുകയാണ്. കുത്തിവെപ്പുമരുന്നുകളുടെ വാണിജ്യോത്പാദനത്തിന് സാധാരണ ഏഴുമുതല്‍ പത്തുവര്‍ഷംവരെയാണ് എടുക്കുക. മരുന്ന് വികസിപ്പിച്ചുകഴിഞ്ഞാല്‍ പിന്നീട് പരീക്ഷണഘട്ടങ്ങളാണ്. ജന്തുക്കളിലും മനുഷ്യരിലുമായി. 115 വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണ്. ഇതില്‍ പരീക്ഷണത്തിന്റെ പല ഘട്ടങ്ങളും പൂര്‍ത്തിയാക്കിയ അഞ്ചു മരുന്നുമായി ചൈന തന്നെയാണ് മുന്നില്‍. ഇതില്‍ രണ്ടെണ്ണം മനുഷ്യരിലെ പരീക്ഷണത്തിന്റെ രണ്ടാംഘട്ടത്തിലാണ്. മൂന്നാംഘട്ടംകൂടി പൂര്‍ത്തിയാകുന്നതോടെ ജനുവരിയില്‍ നേട്ടമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. അമേരിക്കയിലെ മോഡേണ എന്ന കമ്പനി പരമ്പരാഗത രീതിയില്‍ നിന്നുമാറി ആര്‍.എന്‍.എ. അടിസ്ഥാനമാക്കിയുള്ള മരുന്നിന്റെ പണിപ്പുരയിലാണ്. വെറും 66 ദിവസംകൊണ്ട് വികസിപ്പിച്ച മരുന്ന് ക്ലിനിക്കല്‍ പരീക്ഷണത്തിലെത്തിയിട്ടുണ്ട്. ഈവര്‍ഷം തീരുമ്പോഴേക്കും പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് അവരുടെയും പ്രതീക്ഷ. പുതിയ സങ്കേതമായതിനാല്‍ വാക്‌സിന് സുരക്ഷിതത്വം കൂടുതലും വില കുറവുമായിരിക്കുമെന്നാണ് മോഡേണയുടെ അവകാശവാദം. പൊതുമേഖലയിലെ മുപ്പതു സ്ഥാപനങ്ങളും സ്വകാര്യമേഖലയിലെ അറുപതു സ്ഥാപനങ്ങളും ഗവേഷണരംഗത്തുണ്ട്.
കൃത്യമായ പരിഹാരം വരുന്നതുവരെ കാത്തിരിക്കാനാകാത്തതിനാല്‍ സമാന രോഗങ്ങളുടെ മരുന്നുകള്‍ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. എബോള മരുന്നായ റെംഡെസിവിറിന്റെ ഉപയോഗം കഴിഞ്ഞദിവസമാണ് അമേരിക്കന്‍ വിദഗ്ധര്‍ അംഗീകരിച്ചത്. എയ്ഡ്സ്, മലേറിയ, അര്‍ബുദം എന്നിവയ്ക്കുള്ള മരുന്നുകളും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഐ.സി.എം.ആറിന്റെ അനുമതി ആവശ്യമാണ്. ആവശ്യങ്ങളോട് വേഗത്തിലുള്ള പ്രതികരണമാണ് അവര്‍ നടത്തുന്നത്. കൊറോണയുടെ മുന്‍രൂപങ്ങളായ സാര്‍സ്, മെര്‍സ് എന്നീ രോഗങ്ങളോട് ഏറെ സാമ്യമുള്ള കോവിഡ്-19 വൈറസിന് ഒന്‍പതിലധികം തവണ ജനിതകമാറ്റം വന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതും ശാസ്ത്രലോകത്തിനുമുന്നിലെ വെല്ലുവിളിയാണ്. ഇവിടെയാണ് ഓരോ നാടിന്റെയും പരമ്പരാഗത പ്രതിരോധമാര്‍ഗങ്ങളും പ്രസക്തമാകുന്നത്. മാനവരാശി ഇന്നുവരെ നേടിയ എല്ലാ അറിവുകളെയും സമന്വയിപ്പിച്ച് ഫലപ്രദമായ പരിഹാരം വേഗം കണ്ടെത്താനാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. അതുതന്നെയാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നതും.
https://www.facebook.com/Malayalivartha
























