കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിന്റെ നേർ ചിത്രം

ലോക്ഡൗണ്‍ കാലത്തെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ് കുടിയേറ്റ തൊഴിലാളികളുടെ ദുരിതം. അമ്മ വലിച്ചുകൊണ്ടുപോകുന്ന ട്രോളി സ്യൂട്ട്‌കേസിനു മുകളില്‍ കിടന്നുറങ്ങുന്ന ബാലന്റെ ചിത്രമാണ് മറ്റൊരു നൊമ്ബരക്കാഴ്ച. ഉത്തര്‍പ്രദേശിലെ ആഗ്ര ഹൈവേയില്‍ കൂടി നടന്നുപോകുന്ന ചെറുസംഘത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. ഭാരമേറിയ വലിയ സ്യൂട്ട്‌കേസ് വലിച്ച് സംഘത്തിനൊപ്പം എത്താന്‍ ബുദ്ധിമുട്ടുന്ന അമ്മയാകട്ടെ മകന്റെ ക്ഷീണം തീര്‍ക്കാന്‍ സ്യുട്ട്‌കേസിനു മുകളില്‍ മയങ്ങാനും അനുവദിച്ചു. മകന്റെ ഭാരവും കൂടി വലിച്ചാണ് ആ അമ്മ നീങ്ങുന്നത്.
പഞ്ചാബില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്കാണ് തങ്ങള്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ആ അമ്മ മറുപടി നല്‍കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ ബസ് സര്‍വീസിനെ എന്തുകൊണ്ട് ആശ്രയിക്കുന്നില്ലെന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല. സംസാരിക്കാന്‍ തന്നെ അവര്‍ ഏറെ കഷ്ടപ്പെടുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ പോലുമാകാതെയാണ് ആ സംഘം പോകുന്നത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിയും കൂലിയുമില്ലാതെ ജീവിതം വഴിമുട്ടിയ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ഓരോ ദിവസങ്ങളും സംസ്ഥാനങ്ങള്‍ താണ്ടി സ്വന്തം ദേശത്തേക്ക് പോകുന്നത്. കാല്‍നടയായും സൈക്കിളിലും ട്രക്കിലും ഓട്ടോറിക്ഷകളിലും ഇവര്‍ പുറപ്പാടിലാണ്. ഇതിനകം നിരവധി പേര്‍ക്ക് വഴിമധ്യേ ജീവന്‍ പൊലിഞ്ഞു.
കഴിഞ്ഞ ദിവസം ഒരു കയ്യില്‍ കുഞ്ഞിനേയും പിടിച്ച് ട്രക്കിലേക്ക് വലിഞ്ഞുകയറുന്ന പിതാവിന്റെ ദൃശ്യവും മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന ഒന്നായി മാറി.
https://www.facebook.com/Malayalivartha
























