രാജ്യത്തെ തൊഴിലാളി സംഘടനകള്‍ തൊഴില്‍നിയമ ഇളവിനെതിരെ ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കി

വ്യവസായങ്ങള്‍ക്ക് കൊറോണയുടെ പശ്ചാത്തലത്തില്‍ തൊഴില്‍നിയമങ്ങളില്‍ ഇളവു നല്‍കാനുള്ള നീക്കത്തിനെതിരെ രാജ്യത്തെ ബിഎംഎസ് ഒഴികെയുള്ള 10 തൊഴിലാളി സംഘടനകള്‍ ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ (ഐഎല്‍ഒ) പരാതി നല്‍കി. ഐഎല്‍ഒ കണ്‍വന്‍ഷനുകള്‍ പ്രകാരമുള്ള നിബന്ധനകള്‍ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ.
കൂടുതല്‍ വ്യവസായങ്ങളെ ആകര്‍ഷിക്കാനും നിലവിലുള്ളവയുടെ നഷ്ടം നികത്താനുമായി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊഴില്‍നിയമങ്ങളില്‍ ഇളവു വരുത്തുകയും തൊഴില്‍സമയം കൂട്ടുകയും ചെയ്തത്. അടിയന്തരമായി ഇടപെടണമെന്നു സംഘടനകള്‍ ആവശ്യപ്പെട്ടു. ഇളവിനെതിരെ ബിഎംഎസ് രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഒഡീഷ, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ തൊഴില്‍സമയം എട്ടില്‍നിന്ന് 12 മണിക്കൂറാക്കി. രാജസ്ഥാന്‍, പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും ഇതേ പാതയിലാണ്. ഇതില്‍ യുപി കഴിഞ്ഞ ദിവസം തൊഴില്‍സമയം 12 മണിക്കൂറാക്കിയ ഉത്തരവ് പിന്‍വലിച്ചിട്ടുണ്ട്. എന്നാലും മറ്റു നിയമങ്ങള്‍ 3 വര്‍ഷത്തേക്കു മാറ്റിവച്ച ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാണ്. മധ്യപ്രദേശ് 1000 ദിവസത്തേക്കും ഗുജറാത്ത് 1200 ദിവസത്തേക്കുമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
വിവിധ സംസ്ഥാനങ്ങളില്‍നിന്നു തിരിച്ചുവരുന്ന തൊഴിലാളികള്‍ക്കു നാട്ടില്‍ ജോലി നല്‍കുന്നതിനാണ് ഇതെന്നാണ് വിശദീകരണം. ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും പിരിച്ചുവിടുന്നതിനും തൊഴിലുടമകള്‍ക്ക് അധികാരം നല്‍കുന്ന വിധത്തിലാണ് ഇളവുകള്‍. തൊഴില്‍സമയത്തിലും വ്യത്യാസം വരുത്താന്‍ അനുവാദമുണ്ട്.
https://www.facebook.com/Malayalivartha
























