ക്ഷമിക്കണം; മർദിച്ചത് മുസ്ലിം ആണെന്ന് കരുതി; വിവാദമായി മധ്യപ്രദേശ് പൊലീസിന്റെ കുറ്റസമ്മതം

മധ്യപ്രദേശിൽ പൊലീസുകാർ അഭിഭാഷകനെ മർദിച്ച സംഭവം പുതിയ വിവാദത്തിൽ . മർദിച്ചത് മുസ്ലിം ആണെന്ന് കരുതിയാണ് എന്ന് പൊലീസിന്റെ കുറ്റസമ്മതം കൂടി പുറത്തുവന്നതോടെ പോലീസിന്റെ കടുത്ത ഇസ്ലാമോഫോബിയയുടെ ഉദാഹരണമാണ് ഇതെന്ന രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.. മധ്യപ്രദേശിലെ അഭിഭാഷകനായ ദീപക് ബുന്ദേലെയെയാണ് ലോക്ഡൗണിനിടെ മാർച്ച് 23ന് മധ്യപ്രദേശിലെ ബെത്തൂൽ എന്ന സ്ഥലത്ത് തടഞ്ഞുവെച്ച് പൊലീസ് മർദിച്ചത്.
ദീപക് ആശുപത്രിയിൽ ചികിത്സ തേടാനുള്ള യാത്രയിലായിരുന്നു .ഇതിനിടെയാണ് ഇദ്ദേഹത്തിന് മർദനമേറ്റത്.. തുടർന്ന് പരാതി നൽകിയെങ്കിലും പിൻവലിക്കാൻ കടുത്ത സമ്മർദ്ദമുണ്ടായി.എന്നാൽ പരാതി പിൻവലിക്കാൻ ഇദ്ദേഹം വഴങ്ങാതായപ്പോൾ ആണ് ‘മുസ്ലിം ആണെന്ന് കരുതിയാണ് ആക്രമിച്ചതെന്ന’ തുറന്നുപറച്ചിലുമായി പൊലീസ് രംഗത്തെത്തിയത്.
കടുത്ത പ്രമേഹത്തിൻറെയും രക്തസമർദ്ദത്തിൻറെയും പിടിയിൽ ആയിരുന്നു ദീപക്. ഇദ്ദേഹം മരുന്നിനായി പോവുകയാണെന്ന് പറയുന്നത് കേൾക്കാതെ മർദിക്കുകയായിരുന്നു എന്നാണ് ആരോപണം.. ദീപക് താടിവെച്ചതാണ് മുസ്ലിം ആണെന്ന് തെറ്റിദ്ധരിക്കാൻ കാരണമായതെന്ന് പറയുന്നു.
മർദിച്ച പൊലീസുകാരനോട് ഭരണഘടനക്കകത്തുനിന്ന് പ്രവർത്തിക്കണമെന്ന് പറഞ്ഞപ്പോൾ അത് ചെവികൊള്ളാതെ ഇന്ത്യൻ ഭരണഘടനയെ അടക്കം മോശം വാക്കുകളിൽ ശകാരിച്ചു. രോഷാകുലരായി കുറേയധികം പൊലീസുകാർകൂടി വന്ന് വടി ഉപയോഗിച്ച് ആക്രമിക്കാൻ തുടങ്ങിയെന്നും ദീപക് പറയുന്നു.
താനൊരു അഭിഭാഷകനാണെന്ന് പറയുന്നതുവരെ ആക്രമണം തുടർന്നു. അപ്പോഴേക്കും ചെവിയിൽ നിന്നടക്കം രക്തമൊഴുകാൻ തുടങ്ങിയിരുന്നു. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലെത്തിയത്. മാർച്ച് 24ന് ജില്ല പൊലീസ് സൂപ്രണ്ട് ഡി.എസ് ഭദോരിയക്കും ഡി.ജി.പിക്കും പരാതി നൽകുകയായിരുന്നു.
സംസ്ഥാന മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ഹൈകോടതി ചീഫ് ജസ്റ്റിസിനും സംഭവം ചൂണ്ടിക്കാട്ടി കത്തെഴുതി. ആക്രമണത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സമർപിച്ചെങ്കിലും അത് നൽകാൻ കൂട്ടാക്കിയില്ല.
പരാതിയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് മൊഴിയെടുത്തപ്പോഴാണ് ഏതാനും പൊലീസുകാർക്ക് സംഭവിച്ച തെറ്റാണെന്നും താങ്കൾ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ചാണ് അവർ ആക്രമിച്ചതെന്നും വെളിപ്പെടുത്തിയതെന്ന് ദീപക് പറഞ്ഞു. മൊഴി രേഖപ്പെടുത്താൻ വന്നവർ അഞ്ച് മിനിട്ടിൽ കൂടുതൽ അതിനെടുത്തില്ല.
എന്നാൽ, പരാതി പിൻവലിപ്പിക്കുന്നതിനായി അവരുടെ ഭാഗം ബോധ്യപ്പെടുത്താൻ മൂന്നു മണിക്കൂറോളം ചെലവിട്ടതായും ദീപക് പറഞ്ഞു. കലാപ വേളകളിൽ സാധാരണ ഗതിയിൽ ഹിന്ദുക്കൾക്ക് തങ്ങൾ പിന്തുണ നൽകാറുണ്ടെന്ന് പൊലീസ് പറഞ്ഞതായും ‘ദ വയർ’ വാർത്താസൈറ്റിന് നൽകിയ ശബ്ദരേഖയിൽ ദീപക് പറയുന്നു.
എന്തായാലും മധ്യപ്രദേശ് പോലീസിന്റെ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രിയിൽ പോകുകയാണ് എന്ന് പറഞ്ഞിട്ട് പോലും അത് ചെവികൊള്ളാതെയാണ് നിയമം സംരക്ഷിക്കേണ്ട പോലീസുകാർ ഇത്തരമൊരു ക്രൂരതയ്ക്ക് മുതിർന്നത്. ഞങ്ങളുടെ ജീവനും സ്വത്തിനും എല്ലാം സംരക്ഷണം നൽകേണ്ട നിയമ പാലകർ തന്നെ ഇത്തരത്തിൽ ജാതിയുടെയും മതത്തിന്റെയും വർഗീയതയുടെയും പേരിൽ വ്യക്തികളെ അതിക്രൂരമായ മർദന മുറകൾക്കു വിധേയമാകുന്നതിനെതിരെ ഇപ്പോൾ വ്യാപകമായ വിമര്ശനമാണ് ഉയർന്നു വരുന്നത്
https://www.facebook.com/Malayalivartha
























