റോഡില്‍നിന്ന് ബസ് തെന്നിമാറി ; കേരളത്തില്‍നിന്ന് പശ്ചിമ ബംഗാളിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു

കേരളത്തില്‍നിന്ന് പശ്ചിമ ബംഗാളിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ടു. ഒഡീഷയില്‍ വെച്ചാണ് അപകടം. റോഡില്‍നിന്ന് ബസ് തെന്നിമാറി മറിയുകയായിരുന്നു. 40 കുടിയേറ്റ തൊഴിലാളികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ദേശീയ പാത 60-ലെ ഒഡീഷയിലെ ലക്ഷമനാഥ് ടോള്‍ ഗേറ്റിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ 40 പേരില്‍ 36 ആളുകളുടേയും പരിക്ക് സാരമുള്ളതല്ല. നാല് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പശ്ചിമ ബംഗാളിലെ ബാര്‍ധര്‍മാന്‍ ജില്ലയിലേക്ക് മുപ്പതും ബിര്‍ഭും ജില്ലയിലേക്ക് 10 ഉം പേരാണ് ബസില്‍ കേരളത്തില്‍നിന്ന് യാത്ര തിരിച്ചത്. ഇവരെ മറ്റൊരു ബസില്‍ ലക്ഷ്യസ്ഥാനത്തേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നുണ്ടെന്ന് ഒഡീഷ പോലീസ് അറിയിച്ചു. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നും പോലീസ് വ്യക്തമാക്കി.
രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ സ്വദേശങ്ങളിലേയ്ക്ക് പലായനം ചെയ്യുന്ന സാഹചര്യര്യത്തില്‍ അപകടങ്ങളും മരണങ്ങളും വ്യാപകമായതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റോഡിലൂടെയും റെയില്‍വേ ട്രാക്കിലൂടെയും തൊഴിലാളികള്‍ കാല്‍നടയായി സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി തൊഴിലാളികള്‍ക്ക് സഞ്ചാര സൗകര്യമൊരുക്കണമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
ഒരു കുടിയേറ്റ തൊഴിലാളിയും റോഡിലൂടെയോ റെയില്‍വേ പാളത്തിലൂടെയോ കാല്‍നടയായി യാത്രചെയ്യുന്നില്ലെന്ന കാര്യം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം. കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലെത്തിക്കുന്നതിന് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിന് റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട് സൗകര്യങ്ങളൊരുക്കണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു.
കൂടാതെ, നിലവില്‍ വീടുകളിലേക്ക് കാല്‍നടയായി സഞ്ചരിക്കുന്ന തൊഴിലാളികള്‍ക്ക് വഴിയില്‍ വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കുകയും ഭക്ഷണവും വെള്ളവും ലഭ്യമാക്കുകയും വേണം. ഇതിനായി ജില്ലാ ഭരണകൂടങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കെട്ടിടങ്ങള്‍ കണ്ടെത്തണം. ഇവിടെ ഭക്ഷണം, അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യങ്ങള്‍, ചികിത്സാസൗകര്യങ്ങള്‍, വിശ്രമ സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. ആവശ്യമെങ്കില്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യവും വേണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
ഇത് രണ്ടാം തവണയാണ് കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയയ്ക്കുന്നത്. കാല്‍നടയായുള്ള പലായനത്തിനിടെ ദിനംപ്രതി നിരവധി കുടിയേറ്റ തൊഴിലാളികളാണ് മരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആഭന്തര സെക്രട്ടറി മാര്‍ഗനിര്‍ദേശങ്ങളുമായി തിങ്കളാഴ്ച കത്തയച്ചത്.
https://www.facebook.com/Malayalivartha
























