സ്വന്തമായി എസ്ബിഐയുടെ വ്യാജ ശാഖ ആരംഭിച്ച യുവാവ് അറസ്റ്റില്‍
എസ്ബിഐ ബാങ്കിന്റെ പേരില്‍ സ്വന്തമായി വ്യാജ ശാഖ ആരംഭിച്ച യുവാവ് അറസ്റ്റില്‍. ഇയാളുടെ സഹായികളായ രണ്ട് പേരെയും പൊലീസ് പിടികൂടി. കടലൂര്‍ ജില്ലയിലെ പന്റുത്തിയിലല് കമല്‍ ബാബു എന്ന യുവാവാണ് മൂന്ന് മാസം മുന്‍പ് എസ്ബിഐയുടെ വ്യാജ ശാഖ തുടങ്ങിയത്. അതേസമയം ഈ ശാഖയില്‍ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ഒരു ഉപഭോക്താവ് സംശയം തോന്നി എസ്ബിഐയുടെ മറ്റൊരു ശാഖയില്‍ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തു വന്നത്.
ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകള്‍, പണം അടയ്ക്കുന്നതിനുള്ള രസീതുകള്‍ എന്നിവയടക്കമുള്ള വ്യാജ രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. കമല്‍ ബാബുവിന്റെ അച്ഛനും അമ്മയും മുന്‍ ബാങ്കുദ്യോഗസ്ഥരാണ്.
പന്റുത്തിയില്‍ തന്നെ പ്രിന്റിങ് പ്രസ് നടത്തുന്നയാളുടെയും റബര്‍ സ്റ്റാമ്ബുകള്‍ നിര്‍മിക്കുന്നയാളുടെയും സഹായത്തോടെയായിരുന്നു ചെറിയ വാടക മുറിയില്‍ ബാങ്ക് ആരംഭിച്ചത്. ഇവര്‍ തന്നെയായിരുന്നു ബാങ്ക് ജീവനക്കാരായി ഇവിടെയുണ്ടായിരുന്നത്.
പന്റുത്തിയില്‍ രണ്ട് ശാഖകളാണ് എസ്ബിഐയ്ക്കുള്ളത്. ഇതില്‍ ഒരു ശാഖയുടെ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഉപയോക്താവ് അന്വേഷിച്ചതോടെയാണ് ബാങ്കധികൃതര്‍ ഇതേക്കുറിച്ച് അന്വേഷിച്ചത്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.
https://www.facebook.com/Malayalivartha