കൊവിഡ് ബാധിതന്റെ മൃതദേഹം കുറ്റിക്കാട്ടിൽ ; ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കൾ

ആശുപത്രിയില്‍ നിന്ന് ആരുടെയും കണ്ണിൽപ്പെടാതെ പുറത്തിറങ്ങിയ കൊവിഡ് ബാധിതന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് 57 കാരന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞദിവസം പുറത്തേക്ക് പോയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ആശുപത്രിയില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതേസമയം ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അമ്ബത്തേഴുകാരന്റെ കുടുംബം രംഗത്തിയിട്ടുണ്ട്. ആശുപത്രിയുടെ അശ്രദ്ധയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ജീവനക്കാരുടെ ഉപദ്രവത്തെ തുടര്‍ന്നാണ് ഇദ്ദേഹം ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് പോയതെന്നും കുടുംബം ആരോപിക്കുന്നു.
ശനിയാഴ്ച ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഇദ്ദേഹം വിളിച്ചതിന്റെ ഓഡിയോ കുടുംബാംഗങ്ങള്‍ പുറത്തുവിട്ടു. 'രാത്രി മുഴുവന്‍ എന്റെ തൊണ്ട വരണ്ടിരിക്കുകയായിരുന്നു. എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. സഹായിക്കാന്‍ കുറച്ച് ആളുകളോട് പറയാന്‍ ഞാന്‍ ശ്രമിച്ചു, പക്ഷേ ആരും ശ്രദ്ധിച്ചില്ല' ഇതാണ് ഓഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞത്.
ഇയാള്‍ ശനിയാഴ്ച വൈകുന്നേരം 4: 30 ന് ആശുപത്രിയിലെ പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തൊട്ടുപിന്നാലെ ആശുപത്രി ജീവനക്കാര്‍ പോകുന്നതും കാണാം. ' രോഗിക്ക് പനിയും ശ്വസന പ്രശ്നങ്ങളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു. പക്ഷേ, അയാള്‍ പുറത്തേക്ക് പോയി. തടയാന്‍ സാധിച്ചില്ല. ഞങ്ങള്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു എന്നുമാണ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. എസ്പി സിംഗ് നൽകിയ വിശദീകരണം.
https://www.facebook.com/Malayalivartha

























