സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിലാക്കാനുള്ള ബിൽ രാജ്യസഭയും പാസാക്കി..സെപ്റ്റംബര്‍ 16ന് ലോക്‌സഭ ബിൽ പാസാക്കിയിരുന്നു

സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ (ആർബിഐ) മേൽനോട്ടത്തിൽ കൊണ്ടുവരുന്നതിനായി 2020 ലെ ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ബിൽ രാജ്യസഭ ചൊവ്വാഴ്ച പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. സെപ്റ്റംബര്‍ 16ന് ലോക്‌സഭയും ബിൽ പാസാക്കിയിരുന്നു. പ്രതിപക്ഷാംഗങ്ങളുടെ എതിർപ്പ് അവഗണിച്ചായിരുന്നു അന്ന് ബിൽ പാസാക്കിയിരുന്നത്.
ജൂണ്‍ 26-ലെ ഓര്‍ഡിനന്‍സിന് പകരമായിട്ടുള്ള ബില്ലാണിത്. പി.എം.സി ബാങ്ക് അഴിമതിക്ക് പിന്നാലെയാണ് നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇത്തരമൊരു നീക്കം നടത്തിയത്.......
കൊവിഡ്-19 പകർച്ചവ്യാധിയെ തുടർന്ന് രാജ്യത്തെ നിരവധി സഹകരണ ബാങ്കുകൾ പ്രതിസന്ധിയിലായതായും ഇവയുടെ ധനസ്ഥിതി ആർബിഐ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഭേദഗതി കൊണ്ടുവരുന്നതെന്നും മൊറട്ടോറിയം ഇല്ലാതെ സഹകരണ ബാങ്കുകളെ വേഗത്തിൽ വീണ്ടെടുക്കുന്നതിന് ഈ ഭേദഗതി സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സഹകരണ ബാങ്കുകളെ മാത്രം നിയന്ത്രിക്കാനേ ബില്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്നുള്ളൂ. ഇത് കാർഷിക വായ്പ സൊസൈറ്റിക്കോ കാർഷിക വികസനത്തിന് ധനസഹായം നൽകുന്ന സഹകരണ സംഘത്തിനോ ബാധകമല്ല. ഈ ഭേദഗതി സംസ്ഥാന സഹകരണ നിയമപ്രകാരം സഹകരണ സംഘങ്ങളുടെ സംസ്ഥാന രജിസ്ട്രാരുടെ നിലവിലുള്ള അധികാരങ്ങളെ ബാധിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
മാർച്ചിലെ ബജറ്റ് സെഷനിലാണ് ബിൽ ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ കൊവിഡ്-19 മഹാമാരി കാരണം ബിൽ കൈമാറാൻ കഴിഞ്ഞില്ല. സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരാനുള്ള ഓർഡിനൻസിന് ജൂണ്‍ 26ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ ഓര്‍ഡിനന്‍സിന് പകരമായിട്ടുള്ള ബില്ലാണിത്.
പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്കുകളുടെ അഴിമതിക്ക് പിന്നാലെയാണ് നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി സർക്കാർ ഇത്തരമൊരു നീക്കം നടത്തിയത്.
ഇന്ത്യയിൽ വിവിധ തരം സഹകരണ ബാങ്കുകളുണ്ട്. അർബൻ സഹകരണ ബാങ്കുകൾ (യുസിബി), റൂറൽ സഹകരണ ബാങ്കുകൾ (ആർസിബി). റൂറൽ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകൾ (എസ്ടിസിബി), ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ (ഡിസിസിബി) എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
റിസർവ് ബാങ്കിന്റെ 2019 മാർച്ച് 31 ലെ കണക്കനുസരിച്ച് രാജ്യത്ത് 1,544 അർബൻ സഹകരണ ബാങ്കുകളും 34 സംസ്ഥാന സഹകരണ ബാങ്കുകളും 352 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും ഉണ്ടായിരുന്നു. 2019 മാർച്ച് 31 വരെയുള്ള യുസിബികളുടെ മൊത്തം നിക്ഷേപം 484,315.85 കോടി രൂപയാണ്. ആർസിബികളുടേത് 505,859.16 കോടി രൂപയും.
https://www.facebook.com/Malayalivartha