പാരാഗ്ലൈഡര്‍ കടലില്‍ വീണ് നാവികസേനാ ക്യാപ്റ്റന് ദാരുണാന്ത്യം... കുടുങ്ങിക്കിടന്ന റെഡ്ഡിയെ ഏറെനേരം പ്രയത്‌നിച്ച് സുരക്ഷാഗാര്‍ഡുകളും സമീപവാസികളും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കര്‍ണാടക കാര്‍വാറിലെ രബീന്ദ്രനാഥടാഗോര്‍ ബീച്ചിനുസമീപം പാരാഗ്ലൈഡര്‍ കടലില്‍വീണ് നാവികസേനാ ക്യാപ്റ്റന്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി മധുസൂദന്‍ റെഡ്ഡി(55) ആണ് മരിച്ചത്. കാര്‍വാര്‍ നാവികസേനാതാവളത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു മധുസൂദന്‍ റെഡ്ഡി. വെള്ളിയാഴ്ച വൈകീട്ട് കുടുംബത്തോടൊപ്പം അവധി ചെലവിടാനെത്തിയതായിരുന്നു ഇദ്ദേഹം. പാരാഗ്ലൈഡറിന്റെ മോട്ടോറിലുണ്ടായ തകരാറിനെത്തുടര്‍ന്നാണ് അപകടം. റെഡ്ഡിക്കൊപ്പം പാരാഗ്ലൈഡറിന്റെ പൈലറ്റും നടത്തിപ്പുകാരനുമായ വിദ്യാധര്‍ വൈദ്യയുമുണ്ടായിരുന്നെങ്കിലും കടലില്‍വീണ ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.
പാരാഗ്ലൈഡര്‍ നൂറടിയോളം ഉയരത്തിലെത്തിയപ്പോഴാണ് മോട്ടോര്‍ തകരാറിലായത്. തുടര്‍ന്ന് റെഡ്ഡിയും വൈദ്യയും പാരാഗ്ലൈഡറിനൊപ്പം കടലിലേക്ക് പതിക്കുകയായിരുന്നു. കയറും ഗ്ലൈഡറിന്റെ മറ്റുഭാഗങ്ങളും ശരീരത്തില്‍ കുടുങ്ങിയതിനാല്‍ റെഡ്ഡിക്ക് നീന്താന്‍ കഴിഞ്ഞില്ല. കുടുങ്ങിക്കിടന്ന റെഡ്ഡിയെ ഏറെനേരം പ്രയത്‌നിച്ചാണ് സുരക്ഷാഗാര്‍ഡുകളും സമീപവാസികളുംചേര്‍ന്ന് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോവിഡിനെത്തുടര്‍ന്ന് ആറുമാസത്തോളം നിര്‍ത്തിവെച്ച പാരാഗ്ലൈഡിങ്ങ് വെള്ളിയാഴ്ചയാണ് ബീച്ചില്‍ പുനരാരംഭിച്ചത്. ബെംഗളൂരുവില്‍ താമസമാണ് റെഡ്ഡിയുടെ കുടുംബം. കുടുംബാംഗങ്ങളുടെ കണ്‍മുന്നിലായിരുന്നു അപകടം നടന്നത്. അപകടത്തെത്തുടര്‍ന്ന് ബീച്ചിലെ പാരാഗ്ലൈഡിങ്ങ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. കാര്‍വാര്‍ ബീച്ചില്‍ പാരാഗ്ലൈഡിങ് തുടങ്ങിയശേഷം ആദ്യമായാണ് ഇത്തരമൊരു അപകടം.
"
https://www.facebook.com/Malayalivartha






















