എല്ലിൻ കഷണങ്ങൾ പെട്രോളിൽ കത്തിയില്ല! ചിതയിൽ നിന്ന് അസ്ഥി പെറുക്കി സഹോദരൻ ; നെഞ്ച് തകർക്കും കാഴ്ച

പ്രിയപ്പെട്ടവർക്ക് ഒരുനോക്ക് കാണാൻ പോലും അവസരം കൊടുക്കാതെ യുപി പൊലീസ് ധൃതിപ്പെട്ട് സംസ്കരിച്ച ഹത്രസിലെ പെൺകുട്ടിയുടെ ചിതയിൽനിന്ന് ബാക്കിയായ അസ്ഥി ശേഖരിച്ച് കുടുംബം. മതപരമായി ബാക്കിയുള്ള കർമങ്ങൾ ചെയ്യാനാണ് കുടുംബം അസ്ഥി ശേഖരിച്ചത്.
മകളുടെ മൃതദേഹം ആചാരപ്രകാരമല്ല സംസ്കരിച്ചതെന്നും പൊലീസ് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എല്ലിൻ കഷണങ്ങൾ പൂർണമായും കത്താതെ വലിയ ഭാഗങ്ങളായി തന്നെ ചിതയിൽ കിടക്കുന്നതും കാണാം.
സഹോദരിയുടെ ചിതയിൽനിന്നും അവശേഷിച്ച അസ്ഥികൾ കൈകൾ െകാണ്ട് ശേഖരിക്കുന്ന സഹോദരന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിശ്വാസപ്രകാരം മൃതദേഹത്തോട് കാണിക്കേണ്ട ആദരവ് പോലും പൊലീസ് കാണിച്ചില്ല എന്നു ഈ ദൃശ്യങ്ങളിൽനിന്നുതന്നെ വ്യക്തമാണ്.
ഹത്രസിൽ പെൺകുട്ടിയുടെ കൊലപാതകവും തുടർന്ന് നടന്ന സംഭവവികാസങ്ങളിലും രാജ്യമൊട്ടാകെ പ്രതിഷേധം ഉയർന്നിരുന്നു. പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതമില്ലാതെ തിടുക്കപ്പെട്ട സംസ്കരിച്ച പൊലീസ് നടപടിക്കെതിരെയും അതിന് അനുമതി നൽകിയ ജില്ലാ ഭരണകൂടത്തിനെതിരെയും കടുത്ത വിമർശനം ഉയർന്നിരുന്നു. തുടർന്ന് എസ്പി അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ശനിയാഴ്ച സംസ്ഥാന പൊലീസ് മേധാവിയെത്തി പെൺകുട്ടിയുടെ കുടുംബാംഗങ്ങളിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കുകയും എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പും നൽകുകയും ചെയ്തു.
രാജ്യതലസ്ഥാനത്തടക്കം യോഗി സർക്കാരിനെതരെ കടുത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും പെൺകുട്ടിയുടെ കുടുംബത്തോട് ഭരണകൂടം കാണിച്ച അനീതിയ്ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രമുഖ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















