പൈലറ്റിനെ കാണാതായിട്ട് ഒരാഴ്ച്ച; കണ്ടെത്താന്‍ സാധിക്കാതെ നാവികസേന; തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു; റഷ്യന്‍ നിര്‍മിത കോമര്‍ 2(എം) യൂണിറ്റില്‍ നിന്നും സിഗ്‌നല്‍ ലഭിക്കാത്തിരുന്നത് തിരച്ചിലിനെ ബാധിച്ചു

മിഗ്29കെ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു പൈലറ്റിനെ കാണാതായിട്ട് ഏഴു ദിവസം പിന്നിട്ടു. ഇതുവരെയും കാണാതായ പൈലറ്റിനെക്കുറിച്ച് ഒരു സൂചനയും ഇന്ത്യന്‍ നാവിക സേനക്ക് ലഭിച്ചില്ല. നാവികന്റെ സര്‍വൈവല്‍ കിറ്റില്‍ ഉള്‍പ്പെടുന്ന റഷ്യന്‍നിര്‍മിത എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണില്‍നിന്നുള്ള സിഗ്‌നല്‍ ഇതുവരെ നാവികസേനയ്ക്കു ലഭിച്ചിട്ടില്ല.
കമാന്‍ഡര്‍ നിഷാന്ത് സിങ്ങിനെയാണ് അപകടത്തില്‍ കാണാതായത്. നാവികസേനയിലെ ഇന്‍സ്ട്രക്ടര്‍ പൈലറ്റ് ആയ സിങ്ങിനൊപ്പം മിഗ്29കെയുടെ പരീശീലനപ്പറക്കലില്‍ മറ്റൊരു ട്രെയ്‌നി പൈലറ്റ് കൂടിയുണ്ടായിരുന്നു. ഈ പൈലറ്റിനെ നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ രക്ഷപ്പെടുത്തി. എന്നാല്‍ സിങ്ങിനെ കാണാതാകുകയായിരുന്നു. ഐഎന്‍എസ് വിക്രമാദിത്യയില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. ലൊക്കേറ്റര്‍ ബീക്കണ്‍ പ്രവര്‍ത്തനരഹിതമായതാണോ എന്ന കാര്യത്തില്‍ നാവികസേന പ്രതികരിക്കാന്‍ വിസ്സമ്മതിച്ചു.
എന്നാല്‍ സമുദ്രോപരിതലത്തില്‍ മാത്രമേ ബീക്കണ്‍ പ്രവര്‍ത്തിക്കൂയെന്നും മുങ്ങിപ്പോയാല്‍ പ്രവര്‍ത്തിക്കില്ലെന്നും അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തില്‍നിന്ന് സിങ് ഇജെക്ട് ചെയ്ത് പുറത്തുചാടിയിട്ടുണ്ടെന്നു വ്യക്തമായിട്ടുണ്ട്. അറബിക്കടലില്‍ 100 മീറ്ററോളം താഴ്ചയില്‍ കണ്ടെത്തിയ വിമാനാവശിഷ്ടങ്ങളില്‍ സിങ്ങിന്റെ സീറ്റ് ഉണ്ടായിരുന്നില്ല. 'ലൊക്കേറ്റര്‍ ബീക്കണ്‍' പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ സമയം പൈലറ്റിനു ലഭിച്ചിട്ടുണ്ടാകില്ലെന്ന അനുമാനത്തിലാണ് നാവികസേന.
കടല്‍വെള്ളവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സമയം തന്നെ റഷ്യന്‍ നിര്‍മിത കോമര്‍ 2(എം) യൂണിറ്റ് സിഗ്‌നല്‍ ചെയ്യാന്‍ തുടങ്ങേണ്ടതാണ്. തുടര്‍ച്ചയായി 48 മണിക്കൂര്‍ ഇവയ്ക്കു പ്രവര്‍ത്തിക്കാന്‍ ശേഷിയുണ്ടെന്ന് റഷ്യന്‍ കമ്പനിയായ ആര്‍ടിഐ വ്യക്തമാക്കുന്നു. പൈലറ്റിനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ഊര്‍ജിതശ്രമം തുടരുകയാണെന്നും യുദ്ധക്കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ രംഗത്തുണ്ടെന്നും നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ നാവികസേനക്ക് സാധിച്ചത് പ്രതീക്ഷ നല്‍കുന്നതാണ്.
https://www.facebook.com/Malayalivartha