രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ തീരുമാനം നിരാശപ്പെടുത്തിയെന്ന് കമല്‍ ഹാസന്‍

സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ തീരുമാനം നിരാശപ്പെടുത്തിയെന്ന് കമല്‍ഹാസന്‍. 'രജനിയുടെ ആരാധകരെപോലെ ഞാനും നിരാശനാണ്. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യമാണ് ഏറ്റവും പ്രധാനം' കമല്‍ഹാസന്‍ പറഞ്ഞു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് തമിഴ് സിനിമാ താരം രജനി ആദ്യമായി പ്രഖ്യാപിച്ചത് 2017 ലാണ്. പിന്നീട്, രജനിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കാര്യമായ തുടര്‍ നീക്കങ്ങള്‍ ഉണ്ടായില്ല. എന്നാല്‍, രജനിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ ഈ വര്‍ഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഈ വര്‍ഷം ഡിസംബര്‍ അവസാനം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും 2021 ജനുവരിയോടെ പ്രവര്‍ത്തനം തുടങ്ങുമെന്നും രജനി തന്നെ പ്രഖ്യാപിച്ചു.
അതിനിടയില്‍, പ്രമുഖ നടന്‍ കമല്‍ ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. 3.7 ശതമാനം വോട്ട് വിഹിതമാണ് തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം നേടിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ കമല്‍ ഹാസന്‍ തുടങ്ങിയിട്ടുമുണ്ട്. രജനി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതോടെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കമല്‍ ഹാസന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, രജനി അനുകൂലമായി പ്രതികരിച്ചിരുന്നില്ല.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രജനി രാഷ്ട്രീയ നീക്കത്തില്‍ നിന്ന് പിന്‍മാറുന്നത്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ ചികിത്സയിലായിരുന്ന രജനി ആശുപത്രി വിട്ടയുടനെയാണ് പിന്‍മാറ്റം പ്രഖ്യാപിച്ചത്. ഡോക്ടര്‍മാര്‍ കടുത്ത വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റ തീരുമാനമെന്നാണ് വിശദീകരണം.
https://www.facebook.com/Malayalivartha

























