മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ലക്ഷ്ണൻ ശിവരാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു; ബിജെപി അംഗത്വം സ്വീകരിച്ചത് ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ലക്ഷ്ണൻ ശിവരാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
തമിഴ്‌നാട്ടിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെയാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. അടുത്തിടെ നടി ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ്മൺ ശിവരാമകൃഷ്ണന്റെ പാർട്ടി പ്രവേശനം. കൂടുതൽ പ്രമുഖർ പാർട്ടിയിൽ ചേരുന്നത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് തമിഴ്‌നാട് ബിജെപി വിലയിരുത്തുന്നത്.
ശിവ എന്ന് അറിയപ്പെടുന്ന ശിവരാമകൃഷ്ണൻ ഡൽഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തോടെയാണ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതിന് പിന്നാലെ 1982-83 ൽ പാകിസ്താനിൽ നടന്ന പരമ്പരയിലെ ഇന്ത്യൻ ടീമിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 17ാം വയസ്സിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മത്സരം.
https://www.facebook.com/Malayalivartha

























