തന്നെ ആക്രമിക്കാൻ വന്ന പുള്ളിപുലിയുടെ കണ്ണിൽ വിരലിട്ട് കറക്കി 12 വയസ്സുകാരൻ പയ്യൻ... രക്ഷപെട്ടത് തലനാരിഴയ്ക്ക്...

നിങ്ങൾക്ക് മുന്നിൽ പെട്ടന്ന് ഒരു പുലി വന്ന് ചാടിയാൽ എന്ത് ചെയ്യും..! സ്വാഭാവികമായും ഓടും അല്ലെങ്കിൽ ഒളിക്കും അല്ലേ... ഒരിക്കൽ പോലും അതിനെ തിരിച്ച് ആക്രമിക്കാൻ നമ്മൾ ആരും തന്നെ ശ്രമിക്കുക പോലുലുമില്ല. എന്നാൽ വെറും പന്ത്രണ്ടു വയസ്സുമാത്രമുള്ള ഒരു ബാലൻ പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ മനോധൈര്യം ഒന്ന് കൊണ്ട് മാത്രം തന്റെ ജീവൻ തിരിച്ചുപിടിച്ചിരിക്കുകയാണ്.
ജീവനോടെ രക്ഷപെട്ടു എന്ന് മാത്രം അല്ല തിരിച്ച് നല്ല മുട്ടൻ പണിയും കൊടുത്ത് വിട്ടിട്ടുണ്ട്. കുട്ടിയുടെ തോളിൽ വന്ന് കടിച്ച പുലിയുടെ കണ്ണിൽ 12 വയസ്സുകാരനായ നന്ദൻ കൈവിരൽ കുത്തിയിറക്കിയാണ് പ്രതികാരം വീട്ടിയത്. കണ്ണില്‍ കുത്തേറ്റതോടെ പുലി കടിവിട്ട് കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു.
മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുഡി ഗ്രാമത്തിലെ ഫാംഹൗസിൽ ഞായറാഴ്ച രാത്രിയാണ് നാടകീയമായ ഈ സംഭവം നടന്നത്. തന്റെ അച്ഛൻ രവിയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ കന്നുകാലികൾക്ക് തീറ്റകൊടുക്കാനായി എത്തിയതായിരുന്നു നന്ദൻ. അച്ഛൻ രവിയും ഒപ്പമുണ്ടായിരുന്നു.
കാലികൾക്ക് പുല്ല് നൽകവേ വൈക്കോലിനുള്ളിൽ ഒളിച്ചിരുന്ന പുലി നന്ദനുമേൽ ചാടിവീഴുകയായിരുന്നു. തുടർന്ന് തോളിലും കഴുത്തിലും കടിക്കുകയും ചെയ്തു. പെട്ടെന്നുള്ള ആക്രമണത്തിൽ ഞെട്ടിപ്പോയ നന്ദൻ സഹായത്തിനായി അലറി വിളിക്കുകയും ഒപ്പം പുലിയുടെ കണ്ണിൽ തന്റെ തള്ളവിരൽ ശക്തിയായി കുത്തിയിറക്കുകയും ചെയ്തു.
സംഭവസമയം നന്ദന്റെ അച്ഛൻ സമീപത്തുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു. കഴുത്തിൽ നിന്നും തോളിൽ നിന്നുമായി രക്തം വാർന്നൊഴുകിയ നന്ദനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദൻ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ഈ പ്രദേശം പുള്ളിപുലികളുടെ വിഹാര കേന്ദ്രമാണെന്ന് നാട്ടുകാർ പറയുന്നു. ചാമുണ്ടേശ്വരി വൈദ്യുതി വിതരണ കോർപ്പറേഷന്റെ അധീനതയിലുള്ള ഒരു വലിയ ഒഴിഞ്ഞ പ്രദേശമുണ്ട്, സ്ഥലം വൃത്തിയാക്കാൻ അധികൃതർ മെനക്കെട്ടില്ല.
ഈ സ്ഥലത്ത് വളരുന്ന പുല്ലും കുറ്റിക്കാടും പുള്ളിപ്പുലികൾക്ക് അഭയം തേടാനുള്ള സ്ഥലമായി മാറിയെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. വനപാലകരോ മറ്റ് അധികാരികളോ മൃഗങ്ങളെ തുരത്താനായി യാതൊരുവിധ പ്രതിരോധ പ്രവർത്തനവും ചെയ്യുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha