ജമ്മു കശ്മീരിൽ വീണ്ടും ഭീകര സാന്നിധ്യം; ഒരു ഭീകരൻ കൂടെ പിടിയിലായി; മൂന്ന് ചൈനീസ് പിസ്റ്റലുകൾ, അഞ്ച് മാഗസീനുകൾ, 15 ബുള്ളറ്റുകൾ സൈലൻസർ എന്നിവ പിടിച്ചെടുത്തു

ജമ്മു കശ്മീരിൽ വീണ്ടും ഭീകര സാന്നിധ്യം. വീണ്ടുമൊരു ഭീകരൻ പിടിയിലായി . ദോഡ ജില്ലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സുരക്ഷാ സേന ഭീകരനെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞു . ജമ്മു സോൺ പോലീസ് പോലീസ് ഇൻസ്‌പെക്ടർ ജനറൽ മുകേഷ് സിംഗാണ് ഭീകരനെ പിടികൂടിയ വിവരം അറിയിച്ചത്.
മേഖലയിൽ ഭീകര സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം കിട്ടിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു.
മൂന്ന് ചൈനീസ് പിസ്റ്റലുകൾ, അഞ്ച് മാഗസീനുകൾ, 15 ബുള്ളറ്റുകൾ സൈലൻസർ എന്നിവയാണ് പിടികൂടിയത്. വിശദ വിവരങ്ങൾക്കായി ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ജമ്മുകാശ്മീരിൽ അതിഭീകരമായ നീക്കങ്ങൾ നേരത്തെയും ഭീകരർ നടത്തിയിരുന്നു .
ഒട്ടിപ്പോ’ ബോംബുകളുമായി ഭീകരർ അക്രമാസക്തരാന്നുവെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും കശ്മീർ പോലീസ് നേരത്തെ അറിയിച്ചു. ജമ്മുകശ്മീരിൽ വാഹനങ്ങളിൽ ഒട്ടിച്ചുവെക്കാവുന്ന ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലൊസിവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾക്ക് സാധ്യതയെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 14-ന് ജമ്മുവിലെ സാംബ മേഖലയിലെ അന്താരാഷ്ട്ര അതിർത്തിയിൽനിന്നും പാകിസ്താനിൽ നിന്നും ഡ്രോണിലെത്തിച്ച വൻ ആയുധശേഖരം പോലീസ് കണ്ടെടുക്കുകയായിരുന്നു. കാന്തികബലത്താൽ വാഹനത്തിൽ ഒട്ടിപ്പിടിക്കുന്നതും പിന്നീട്, റിമോട്ടിന്റെയോ ടൈമറിന്റെയോ സഹായത്തോടെ സ്ഫോടനം നടത്താവുന്നതുമായ ഐ.ഇ.ഡികളും കണ്ടെത്തിയവയിൽ പെടുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ വാഹനങ്ങൾ നിർത്തിയിടുമ്പോൾ ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പി.എ.എഫ്.എഫ്.) പുറത്തിറക്കിയ ഇത്തരം ബോംബുകളെക്കുറിച്ചും അവയുടെ സ്ഫോടകശേഷിയെക്കുറിച്ചും വ്യക്തമാക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.
അഫ്ഗാൻ ഭീകരർ പരിശീലനത്തിനായി ഉപയോഗിക്കുന്ന വീഡിയോ കശ്മീരിഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയതാണിതെന്ന് അധികൃതർ വ്യക്തമാക്കി. എങ്ങനെ ഐ.ഇ.ഡി. ഉപയോഗിച്ച് സ്ഫോടനത്തിന്റെ ശക്തി കൂട്ടാമെന്നും വീഡിയോയിൽ പറയുന്നുണ്ടായിരുന്നു .
അഫ്ഗാനിസ്താനിൽ യു.എസ്. നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കെതിരേ താലിബാനും ഇറാഖിലും സിറിയയിലും ഐ.എസ്. ഭീകരരും ഇത്തരം കാന്തിക ഐ.ഇ.ഡികൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് തുടരെത്തുടരെ സംഭവിക്കുകയാണ്.
https://www.facebook.com/Malayalivartha























