ഛത്തീസ്ഗഡില്‍ കസ്റ്റഡിയിലുള്ള ജവാനെ വിട്ടയക്കാന്‍ തയാറെന്ന് മാവോയിസ്റ്റുകള്‍; മകളുടെ അഭ്യർത്ഥന ഒടുവിൽ ഫലം കണ്ടു

ഛത്തീസ്ഗഡില്‍ കസ്റ്റഡിയിലുള്ള ജവാനെ വിട്ടയക്കാന്‍ തയാറെന്ന് മാവോയിസ്റ്റുകള്‍. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്റ്റുകള്‍ അറിയിച്ചു. മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നിര്‍ത്തിവയ്ക്കണമെന്നാണ് മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സേനാ വിന്യാസം വര്‍ധിപ്പിച്ചിരുന്നു. പരിശോധനകളും ശക്തമാക്കി. ഇതേ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് തയാറാണെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, ഇന്നലെ ഛത്തീസ്ഗഢിലെ ബസ്തർ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകളുടെ പിടിയിലായ സി.ആർ.പി.എഫ് ജവാൻ രാകേശ്വർ സിംഗ് മൻഹാസിന്റെ അഞ്ചു വയസുകാരി മകൾ അവളുടെ പ്രിയപ്പെട്ട പപ്പയെ വിട്ടുതരണമെന്ന് കണ്ണീരോടെ ആവശ്യപ്പെടുകയുണ്ടായിരുന്നു.
സി.ആർ.പി.എഫ് കോബ്ര കമാൻഡോ ആയ രാകേശ്വർ സിംഗ് അടങ്ങിയ സംഘത്തിലെ 23പേർ മാവോയിസ്റ്റുകളുടെ ഒളിയാക്രമണ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചപ്പോൾ രാകേശ്വറിനെ കാണാതാകുകയായിരുന്നു. അദ്ദേഹത്തെ പറ്റി ഒരു വിവരവും ലഭിക്കാതായതോടെയാണ് സംഘട്ടനത്തിനിടെ മാവോയിസ്റ്റുകൾ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയെന്ന സംശയം ബലപ്പെട്ടത്.
മാവോയിസ്റ്റുകൾ ഇത് സ്ഥിരീകരിക്കുകയോ മോചന ദ്രവ്യം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലായിരുന്നു.
എന്നാൽ, ജവാന്റെ ജീവന് ഇതുവരെ യാതൊരു കുഴപ്പവുമില്ല. ചര്‍ച്ചയ്ക്ക് തയാറാണ്. മാവോയിസ്റ്റ് വിരുദ്ധ വേട്ട അവസാനിപ്പിക്കണം. ചര്‍ച്ചയ്ക്ക് മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നുമാണ് മാവോയിസ്റ്റുകള്‍ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























