കടല്‍ക്കൊല കേസ്; നടപടികള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍

ഒമ്പതു വര്‍ഷം മുമ്ബ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയിലെ നാവികര്‍ക്കെതിരായ നടപടികള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ വീണ്ടും അപേക്ഷ നല്‍കി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക്, അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം കൈമാറിയെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്രശ്നമായതിനാല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ അപേക്ഷ. ഇന്നലെ കേസില്‍ വാദം കേള്‍ക്കവേ കേസില്‍ അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണലിലെ വിചാരണ നടപടികളെല്ലാം പൂര്‍ത്തിയായെന്നും കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി എല്ലാ ആവലാതികളും പരിഹരിച്ചെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെ അറിയിച്ചു. എങ്കില്‍ കേസ് അടുത്തയാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. എന്നാല്‍ കേസ് ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്ന കേന്ദ്ര ഹര്‍ജി പരിഗണിച്ച് കേസ് നാളെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha