വിമാനത്തില്‍ യാത്രികന്റെ 'അഴിഞ്ഞാട്ടം'; 'ഇറ്റാലിയന്‍ കിസ്സ്' ചോദിച്ചും സ്വന്തം വസ്ത്രമുരിഞ്ഞും ലാപ്ടോപ്പ് നിലത്തെറിഞ്ഞും പരാക്രമം

ക്യാബിന്‍ ക്രൂ അംഗത്തോട് ചുംബനം ആവശ്യപ്പെട്ടും രണ്ട് തവണ വസ്ത്രമഴിച്ചും വിമാനയാത്രികന്റെ 'അഴിഞ്ഞാട്ടം'. തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. യാത്രക്കാരന്‍ രണ്ട് തവണ തന്റെ വസ്ത്രമുരിയുകയും വിമാന ജീവനക്കാരിയോട് 'ഇറ്റാലിയന്‍ കിസ്സ്'
ആവശ്യപ്പെടുകയും ലാപ്‌ടോപ് നിലത്തെറിഞ്ഞ് നശിപ്പിക്കുകയും അടക്കമുള്ള പരാക്രമം നടന്നത്. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(എഎഐ)റിപ്പോര്‍ട്ട് വ്യോമ മന്ത്രാലയം പരിശോധിച്ചു വരുന്നതായാണ് നിലവിലെ സൂചന.
ഏപ്രില്‍ ആറിന് i5-722 വിമാനം പറന്നുയര്‍ന്ന് കുറച്ച് സമയത്തിന് ശേഷം യാത്രക്കാരന്‍ ഇറ്റാലിയന്‍ കിസ്സ് നല്‍കാനാവശ്യപ്പെട്ട് ജീവനക്കാരിയെ സമീപിക്കുകയായിരുന്നു. യാത്രക്കാരനെ സീറ്റില്‍ ചെന്നിരിക്കാന്‍ ആവശ്യപ്പെട്ട ശേഷം ജീവനക്കാര്‍ അയാള്‍
ഏതെങ്കിലും തരത്തിലുള്ള ലഹരിയിലാണോ എന്ന് പരിശോധിക്കുകയും അത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ചുംബനം ആവശ്യപ്പെട്ടതില്‍ യാത്രക്കാരന്‍ പിന്നീട് മാപ്പപേക്ഷിച്ചതായും എഎഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറച്ചു സമയത്തിന് ശേഷം യാത്രക്കാരന്‍ വസ്ത്രമഴിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അയാളോട് വസ്ത്രം ധരിക്കാന്‍ വിമാന ജീവനക്കാര്‍ ആവശ്യപ്പെടുകയും അയാള്‍ അനുസരിക്കുകയും ചെയ്തു. എന്നാല്‍ വിമാനമിറങ്ങിയ ഉടനെ അയാള്‍ വീണ്ടും
വസ്ത്രമഴിക്കുകയും സ്വന്തം ലാപ്‌ടോപ് നിലത്തെറിയുകയും ചെയ്തു. വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ജീവനക്കാരുടെ നിര്‍ദേശമനുസരിച്ച് ഇയാള്‍ വീണ്ടും വസ്ത്രമണിഞ്ഞു.
ലൈഫ് ജാക്കറ്റിന്റെ കാര്യം പറഞ്ഞാണ് ഇയാള്‍ വിമാനത്തിലെ ജീവനക്കാരോട് കലഹിക്കാനാരംഭിച്ചതെന്ന് ഒരു സഹയാത്രികന്‍ പറഞ്ഞു. പിന്നീട് ഇയാള്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും വസ്ത്രമഴിക്കുകയും ചെയ്തതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
എയര്‍ ഏഷ്യ ജീവനക്കാര്‍ 'ശല്യക്കാര'നായ യാത്രികനെതിരെ പോലീസില്‍ പരാതി നല്‍കി ഇതിനെ തുടർന്നാണ് ഈ കാര്യം പുറം ലോകം അറിയുന്നത്.
ഇയാള്‍ക്കെതിരെ യാത്രാവിലക്കേര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതായി കേന്ദ്ര വ്യോമമന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചു. മുപ്പത് ദിവസത്തെ യാത്രാവിലക്ക് ഇയാള്‍ക്കെതിരെ ഏര്‍പ്പെടുത്താനിടയുള്ളതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നിരിക്കാന്‍ ഇടയുണ്ടെന്ന് എയര്‍ ഏഷ്യ വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha



























