മമതയ്ക്ക് ലോക്കിട്ട് ഇലക്ഷൻ കമ്മീഷൻ.... ബംഗാളിൽ 24 മണിക്കൂർ നേരത്തേക്ക് ദീദി ശബ്ദിക്കില്ല... ഇത് ഒന്നൊന്നര മൂവ്...

തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ 24 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രകോപനപരവും ക്രമസമാധാനം തകർക്കുന്നതുമാണ് മമതയുടെ പ്രസ്താവനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. മുസ്ലീം വോട്ടുകളെ കുറിച്ചുളള പരാമര്‍ശത്തിലൂടെ ചട്ടലംഘനം നടത്തി, കേന്ദ്രസുരക്ഷാ സേനകള്‍ക്കെതിരേ കലാപം നടത്താന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയുണ്ടായത്.
തിങ്കളാഴ്ച രാത്രി എട്ടു മണി മുതല്‍ ചൊവ്വാഴ്ച രാത്രി എട്ടു വരെയാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് 28, ഏപ്രില്‍ ഏഴ് തീയതികളില്‍ നടത്തിയ പ്രസംഗങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ മമതയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ബംഗാളിലെ കുച്ച് ബിഹാറിൽ ശനിയാഴ്ച വോട്ടെടുപ്പിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേർ വെടിയേറ്റ് മരിച്ചിരുന്നു. കുച്ച്ബിഹാറിൽ കേന്ദ്രസേന നടത്തിയത് വംശഹത്യയാണെന്നും ഇരകളുടെ ദേഹത്തേക്ക് അവർ വെടിയുണ്ട വർഷിക്കുകയായിരുന്നെന്നും മമത വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതാണ് വിവാദമായത്.
'വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കാതെ സ്ത്രീകളെ ഭീഷണിപ്പെടുത്താന്‍ ആരാണ് കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയത്. 2016ലും 2019ലും ഞാന്‍ ഇത് കണ്ടു. ആരുടെ നിര്‍ദേശ പ്രകാരമാണ് അവര്‍ ജനങ്ങളെ അടിക്കുന്നതെന്ന് എനിക്കറിയാം. കുടുംബത്തെ രക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ അമ്മയെയോ, സഹോദരിമാരേയോ അവര്‍ വടി ഉപയോഗിച്ച് അടിക്കുകയാണെങ്കില്‍ അവരെ തവിയോ തൂമ്പയോ കത്തിയോ ഉപയോഗിച്ച് ആക്രമിക്കണം.
ഇത് സ്ത്രീകളുടെ അവകാശമാണ്. നിങ്ങളുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വോട്ടിങ്ങിന് പ്രവേശനം നിഷേധിക്കുകയാണെങ്കില്‍ നിങ്ങള്‍ എല്ലാവരും പുറത്തു വന്ന് പ്രക്ഷോഭം നടത്തണം.' എന്നായിരുന്നു മാര്‍ച്ചില്‍ നടത്തിയ പ്രസംഗത്തില്‍ മമത പരാമര്‍ശിച്ചത്. ഏപ്രില്‍ മൂന്നിന് ഹൂഗ്ലിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിലാണ് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കരുതെന്ന് താന്‍ തൊഴു കൈയോടെ അഭ്യര്‍ഥിക്കുന്നതായി മമത പ്രസംഗിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കൾ മമതയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തുകയും ചെയ്തു. കേന്ദ്രസേനയെ ഘൊരാവോ ചെയ്യണമെന്ന മമതയുടെ ആഹ്വാനമാണ് അക്രമത്തിലേക്കും വെടിവെപ്പിലേക്കും നയിച്ചതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. ജവാന്മാരോട് മമത അനാദരവ് കാട്ടുകയാണെന്ന് മോദിയും വിമർശിച്ചിരുന്നു.
ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്താവനയിലെ മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് കമ്മിഷന് എത്ര നോട്ടീസുകള്‍ വേണമെങ്കിലും തനിക്ക് നല്‍കാം പക്ഷേ തന്റെ മറുപടി ഒന്നു തന്നെയായിരിക്കുമെന്നാണ് ഇതിനോട് മമത പ്രതികരിച്ചത്. ഹിന്ദു മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനെതിരായി താന്‍ എപ്പോഴും ശബ്ദമുയര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി.
വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നതിനെതിരേ താന്‍ നിലകൊളളുമെന്നും അവര്‍ പറഞ്ഞിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പേര് മോദീ പെരുമാറ്റച്ചട്ടം എന്നാക്കാൻ സമയമായിരിക്കുന്നുവെന്നും മമത വിമർശിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് നാളെ കൊല്‍ക്കത്തയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണ ഇരിക്കുമെന്ന് മമത ബാനർജി ട്വീറ്റ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ വിമര്‍ശിച്ച് തൃണമൂല്‍ നേതാക്കള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
എട്ട് ഘട്ടമായി നടക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ നാല് ഘട്ടമാണ് ഇതുവരെ പൂർത്തിയായത്. നാലു ഘട്ടം കൂടി ശേഷിക്കേ ബി.ജെ.പിക്കായി മോദി, അമിത് ഷാ തുടങ്ങി ദേശീയ നേതാക്കളെല്ലാം രംഗത്തുണ്ട്. നാലാംഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്.
https://www.facebook.com/Malayalivartha



























