നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ; കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സിബിഎസ്‌ഇ 10ാം ക്ലാസ് പരീക്ഷ റദ്ദാക്കി, 12ാം ക്ലാസ് പരീക്ഷ നീട്ടിവച്ചു, പുതുക്കിയ തീരുമാനം പരീക്ഷ തുടങ്ങുന്നതിന് പതിനഞ്ച്ദിവസം മുൻപ് അറിയിക്കും

കൊവിഡ് വ്യാപനത്തെ തുടർന്ന് സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകളിൽ മാറ്റം. സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവക്കുകയുമാണ് ചെയ്തിരിക്കുന്നത്.
പത്താം ക്ലാസ്സിലെ ഇതുവരെയുള്ള പ്രകടന മികവ് അടിസ്ഥാനമാക്കി മാർക്ക് നൽകും. ഇതിൽ തൃപ്തിയില്ലെങ്കിൽ പിന്നീട് പരീക്ഷ എഴുതാം.വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്, ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
കഴിഞ്ഞ വർഷവും പത്താം ക്ലാസ്സിൽ സിബിഎസ്‌ഇ ഇതേ രീതിയാണ് പരിഗണിച്ചത്. ജൂൺ ഒന്നു വരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം എടുക്കും. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുൻപ് തീരുമാനമെടുക്കും.
10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ബോർഡ് പരീക്ഷ മേയ് 4 മുതൽ നടത്താനാണ് സിബിഎസ്‌ഇ നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പല സംസ്ഥാനങ്ങളിലും ബോർഡ് പരീക്ഷയ്ക്കെതിരെ എതിർപ്പ് ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പുതിയ തീരുമാനം.
അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര എന്നിവരടക്കം പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
എഴുത്തു പരീക്ഷ നടത്തുന്നതിന് പകരം ഇന്റേണല്‍ വിലയിരുത്തല്‍ നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ സംഘടനയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
https://www.facebook.com/Malayalivartha



























