ആശുപത്രിയിൽ നിന്നും 320 ഡോസ് കോവിഡ് 19 വാക്‌സിന്‍ കാണാതായി; കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതാണെന്ന് സംശയം

ആശുപത്രിയില്‍ നിന്ന് 320 ഡോസ് കോവിഡ് 19 വാക്‌സിന്‍ കാണാതായി. ചൊവ്വാഴ്ച ജയ്പുരിലെ കന്‍വാതിയ യിലാണ് സംഭവം നടന്നത്.
മാര്‍ച്ച് എട്ടിന് സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ അറിയിച്ചിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും വാക്‌സിന്‍ ക്ഷാമം നേരിടുന്നതായുളള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ് വാക്‌സിന്‍ മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന വാര്‍ത്ത പുറം ലോകം അറിയുന്നത്.
ശാസ്ത്രി നഗര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമം 380 പ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാൽ വാക്‌സിന്‍ കാണാതായ സംഭവം ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. വാക്‌സിന്‍ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതായാണ് അധികൃതർ സംശയം പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 1,84,372 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി വ്യാപിച്ച ശേഷം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 1,38,73,825 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 1,23,36,036 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 13,65,704 സജീവ കേസുകളാണുള്ളത്. സജീവ രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നതാണ് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു ഘടകം.
കോവിഡ് നിയന്ത്രണവിധേയമായ ഒരുഘട്ടത്തില്‍ രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha



























