അമ്മ മരിച്ചിട്ടും സ്വന്തം സേവനം മറക്കാതെ ഗുജറാത്തിലെ ഡോക്ടര്‍മാര്‍

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ ഡോക്ടര്‍മാരുടെ നിസ്വാര്‍ത്ഥ സേവനവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പുറത്തുവരുന്നത്. വഡോദരയിലെയും ഗാന്ധിനഗറിലെയും ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനമാണ് വലിയ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. ഡോ.ശില്‍പ പട്ടേല്‍, ഡോ. രാഹുല്‍ പാര്‍മര്‍ എന്നിവരാണ് ഉറ്റവരെ നഷ്ടമായ വേദന ഉള്ളിലൊതുക്കി കര്‍മ്മനിരതരാകാന്‍ ആശുപത്രികളില്‍ തിരിച്ചെത്തിയത്. എസ്എസ്ജി ആശുപത്രിയിലെ ആനാട്ടമി ഡിപ്പാര്‍ട്‌മെന്റില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. ശില്‍പ പട്ടേലിന്റെ അമ്മയെ ഏപ്രില്‍ 7നാണ് ആശുപത്രിയിലെത്തിച്ചത്. മകള്‍ ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിലാണ് അമ്മയെ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ഏപ്രില്‍ 15ന് ശില്‍പ്പയ്ക്ക് അമ്മയെ നഷ്ടമായി. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് അമ്മ കാന്ത അംബലാല്‍ പട്ടേലിന്റെ മൃതദേഹം സംസ്‌കരിച്ച ശേഷം ഉടന്‍ തന്നെ ശില്‍പ പട്ടേല്‍ ആശുപത്രിയില്‍ തിരികെയെത്തി ജോലിയില്‍ പ്രവേശിച്ചു.
ഗാന്ധിനഗറിലെ കൊറോണ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായ ഡോ. രാഹുല്‍ പാര്‍മറിന്റെ അമ്മ കാന്ത പാര്‍മര്‍ വ്യാഴാഴ്ചയാണ് മരിച്ചത്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലമാണ് 67കാരിയായ കാന്ത പാര്‍മര്‍ മരിച്ചത്. എന്നാല്‍ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസം തന്നെ രാഹുല്‍ ജോലിയ്‌ക്കെത്തി. മുന്നണി പോരാളികള്‍ നിസ്വാര്‍ത്ഥമായ സേവനവും ആത്മാര്‍ത്ഥമായ അര്‍പ്പണ ബോധത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വഡോദര സ്‌പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























