ചെറിയതുറയില്‍ 3000 കിലോയിലധികം തൂക്കമുള്ള ഭീമൻ സ്രാവ് ചത്ത് കരയ്‌ക്കടിഞ്ഞു; പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സ്രാവിനെ നാലായി മുറിച്ചശേഷം ജെസിബി കൊണ്ട് മറവ് ചെയ്തു

കോവളം ബീമാപള്ളിക്കടുത്ത് ചെറിയതുറ കടപ്പുറത്ത് ഭീമന്‍ സ്രാവ് ചത്ത് കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സ്രാവിനെ കണ്ടെത്തിയത്. മൂവായിരത്തിലധികം കിലോയും പത്ത് മീറ്ററിലധികം നീളവും സ്രാവിനുണ്ടായിരുന്നു.
വിഴിഞ്ഞം തീരദേശ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ വടംകൊണ്ട് ബന്ധിച്ച് കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഉച്ചയോടെ അമ്പലത്തറ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. സൈറ കുറുപ്പിന്റെയും വെട്ടിക്കുഴി മൃഗാശുപത്രിയിലെ ഡോ. അഭിലാഷിന്റെയും നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടി ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടവും മറവുചെയ്യലും ഏറെ ശ്രമകരവും കഠിനവുമായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി.
കോര്‍പറേഷനില്‍നിന്ന് വരുത്തിയ ജെസിബി ഉപയോഗിച്ച് മറവുചെയ്യാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ സഹായവുമായി നാട്ടുകാരും രംഗത്തെത്തുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സ്രാവിനെ നാലായി മുറിച്ചശേഷം ജെസിബി കൊണ്ട് മറവ് ചെയ്തു.
പോസ്റ്റ്മോര്‍ട്ടത്തില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉള്‍ക്കടലില്‍ മാത്രം ജീവിക്കുന്ന സ്രാവ് ദിശ തെറ്റി തീരത്തേക്ക് വന്നതാകാമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, ശനിയാഴ്ച രാവിലെ കോവളത്തെ കരമടി മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങി കരയില്‍ എത്തിയ കൂറ്റന്‍ സ്രാവിനെ കടലിലേക്ക് തിരിച്ചുവിട്ടിരുന്നു.
ഇത് ആയിരിക്കാമെന്ന സംശയത്തിലാണ് അധികൃതരും. മടങ്ങിപ്പോകുന്നതിനിടയില്‍ തിരയടിയില്‍ അകപ്പെട്ട് പാറക്കൂട്ടങ്ങളില്‍ ഇടിച്ചതാകാം ചിലപ്പോൾ മരണകാരണം.
വിഴിഞ്ഞം തീരദേശ എസ്‌ഐ ഷാനിബാസ്, എഎസ്‌ഐ അശോകന്‍ എന്നിവരായിരുന്നു നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
https://www.facebook.com/Malayalivartha


























