കേന്ദ്ര സർക്കാരിനെതിരെ വടിയെടുത്ത് സുപ്രീംകോടതി.... എവിടെ ഓക്‌സിജന്‍? എവിടെ വാക്‌സീന്‍?

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. വിവിധ ഹൈകോടതികളിൽ ഇതുമായി ബന്ധപ്പെട്ട് നില നിൽക്കുന്ന കേസുകൾ പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്നാണ് അറിയിച്ചത്.
കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച പദ്ധതി അറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രതിദിന കണക്കിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് ഈ ചോദ്യം ചോദിക്കാൻ കോടതി തിരഞ്ഞെടുത്തതും. വിഷയത്തിൽ എന്താണ് കേന്ദ്രത്തിന്റെ പദ്ധതിയെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ ചോദിച്ചു.
ഓക്സിജൻ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്സിനേഷൻ, ലോക് ഡൗൺ പ്രഖ്യാപിക്കാനുള്ള സർക്കാരുകളുടെ അധികാരം തുടങ്ങിയ വിഷയങ്ങളിൽ ആണ് കോടതി സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. പ്രസ്തുത കേസിൽ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചു.
കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധ ഹൈക്കോടതികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഓക്സിജൻ വിതരണത്തിൽ ഉണ്ടാക്കുന്ന വീഴ്ചയിൽ കേന്ദ്ര സർക്കാരിനെ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായ പാളിച്ചകൾക്ക് ഉത്തർപ്രദേശ് സർക്കാരിനെ അലഹബാദ് ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു.
മധ്യപ്രദേശ്, ബോംബെ, സിക്കിം ഹൈക്കോടതികളും കോവിഡ് സാഹചര്യവും ആയി ബന്ധപ്പെട്ട വിവിധ ഹർജികൾ കൂടി ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നതായി കണ്ടെത്തി. കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ തയാറാക്കിയ പദ്ധതി സമർപ്പിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
വാക്സിൻ വിതരണത്തിനായി തയാറാക്കിയ പദ്ധതിയും കോടതിക്ക് മുമ്പാകെ സമർപ്പിക്കണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആറ് ഹൈകോടതികളിലാണ് കേസുകൾ നില നിൽക്കുന്നത്.
കേസുകൾ സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സൂചന കൂടി ചീഫ് ജസ്റ്റിസ് നൽകിയിട്ടുണ്ട്. വിരമിക്കുന്നതിനു മുമ്പുള്ള ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെയുടെ അവസാന പ്രവർത്തി ദിവസം കൂടി ആണ് നാളെ എന്ന പ്രത്യേകത കൂടി ഉണ്ട്.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരതര സ്ഥിതിയിലേക്ക് കടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,14,835 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,104 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രദിന മരണനിരക്കാണിത്.
ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി. മരണ സംഖ്യ 1,84,657 ആയി. നിലവില്‍ ഇന്ത്യയില്‍ 22,91,428 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1.34 കോടിയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,041 ആയിരുന്നു.
https://www.facebook.com/Malayalivartha



























