മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം.... 13 രോഗികൾ വെന്തുമരിച്ചു...

മഹാരാഷ്ട്രയെ വിട്ടുമാറാതെ ദുരന്തങ്ങൾ പിൻതുടരുന്നു. കഴിഞ്ഞ ദിവസം ഓക്സിജൻ ടാങ്ക് ചോർന്നു ശ്വാസം കിട്ടാതെ 24ലോളം പേർ മരിച്ചത് നമ്മൾ ഏവരും ഞെട്ടലോടെയാണ് ശ്രവിച്ചത്. എന്നാൽ ഇപ്പോൾ അതിലും ദാരുണ സംഭവം നടന്നിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികളാണ് വെന്തുമരിച്ചത്. വീരാറിലെ വിജയ് വല്ലഭ് ആശുപത്രിയിലാണ് തീ പിടുത്തമുണ്ടായത്. പാൽഘാർ ജില്ലയിലുള്ള ഈ ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയായിരുന്നു.
പുലര്‍ച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്. ഐസിയുവിലുണ്ടായിരുന്ന രോഗികളാണ് മരണപ്പെട്ടത്. 17 രോഗികളാണ് അപകടം നടക്കുമ്പോൾ ഐസിയുവിലുണ്ടായിരുന്നത്. ആകെ 90 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. നിരവധി രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ വിജയ് വല്ലഭ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
കോവിഡ് ചികിത്സയിലായിരുന്നരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്നാണ് റിപ്പോർട്ട്. അഗ്നിരക്ഷാ സേന ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ആശുപത്രിയിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ആകെ ഉണ്ടായിരുന്ന ചില ഉപകരണങ്ങൾ പ്രവർത്തനരഹിതമായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡിന്‍റെ രണ്ടാം വ്യാപനം അതിതീവ്രമായാണ് മഹാരാഷ്ട്രയിൽ തുടരുന്നത്. ഏകദേശം, 67,000 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം നാസിക്കിലെ കോവിഡ് ആശുപത്രിയിൽ ഓക്സിജൻ ടാങ്കിൽ ചോർച്ചയുണ്ടായതിനെത്തുടർന്നു ശ്വാസം കിട്ടാതെ 11 സ്ത്രീകൾ അടക്കം 24 പേരായിരുന്നു മരിച്ചത്. ചോർച്ചമൂലം ഓക്സിജൻ വിതരണം നിലച്ചതാണു മരണകാരണം. വെന്റിലേറ്ററിലായിരുന്ന കോവിഡ് ബാധിതരാണു മരിച്ചത്. 150 കോവിഡ് ബാധിതർ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.
മുംബൈയിൽനിന്നു 170 കിലോമീറ്റർ അകലെ നാസിക് മുനിസിപ്പൽ കോർപറേഷനു കീഴിലുള്ള ഡോ. സാക്കിർ ഹുസൈൻ ആശുപത്രിയിൽ ഇന്നലെ രാവിലെ പത്തരയോടെ തുടങ്ങിയ ചോർച്ച പന്ത്രണ്ടരയോടെ നിയന്ത്രണാതീതമായി. അപ്പോഴും ചോർച്ച തടയാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ മരണം ഇനിയും കൂടുമായിരുന്നു.
ലോറിയിൽ എത്തിച്ച ഓക്സിജൻ ആശുപത്രി അങ്കണത്തിൽ അടുത്തിടെ സ്ഥാപിച്ച കൂറ്റൻ ടാങ്കിലേക്കു മാറ്റുന്നതിനിടെയാണ് അപകടം. വാൽവ് തകരാറാണു കാരണം. അപകടത്തെക്കുറിച്ച് മഹാരാഷ്ട്ര സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുമന്ത്രി ഉദ്ധവ് താക്കറെ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി എന്നിവരടക്കം അനുശോചിച്ചു.
ഇത് കൂടാതെ, രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗങ്ങൾ ചേരും. രാവിലെ 9 മണിക്ക് കൊവിഡ് പൊതു സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, പത്ത് മണിക്ക് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. വാക്സീൻ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾക്കൊപ്പം തുടർ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും. 12 മണിക്ക് ഓകസിജൻ നിർമ്മാണ കമ്പനി മേധാവികളേയും മോദി കാണും.
ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശങ്ങൾ വിലയിരുത്തും. .അതിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 3.3 ലക്ഷമായി. തുടർച്ചയായ മൂന്നാം ദിവസവും മരണം രണ്ടായിരം കടക്കുമെന്നാണ് അനൗദ്യോഗിക കണക്കുകൾ.
https://www.facebook.com/Malayalivartha


























