വാക്സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് വാക്സിന്റെ വില നിശ്ചയിക്കാം എന്ന പ്രഖ്യാപനം വന്നപ്പോള്‍ തന്നെ മണിക്കൂറുകള്‍ക്കുളളില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ മേധാവി അദാര്‍ പൂനവാല കോവിഷീല്‍ഡിന് വിലയിട്ടു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസൊന്നിന് 400 രൂപയും സ്വകാര്യ മേഖലയ്ക്ക് 600 രൂപയും

വാക്സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് വാക്സിന്റെ വില നിശ്ചയിക്കാം എന്ന പ്രഖ്യാപനം വന്നപ്പോള്‍ തന്നെ മണിക്കൂറുകള്‍ക്കുളളില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ മേധാവി അദാര്‍ പൂനവാല കോവിഷീല്‍ഡിന് വിലയിട്ടു... കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസൊന്നിന് 400 രൂപയും സ്വകാര്യ മേഖലയ്ക്ക് 600 രൂപയും.
ആരാണ് പൂനവാല. ഒരു കൊല്ലം മുമ്പ് കൊറോണ ലോകത്തെ വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ വാക്സിന്റെ സാദ്ധ്യതകള്‍ കണ്ടവരാണ് അദാറും പിതാവ് സൈറസ് പൂനവാലയും. 1966 ല്‍ 12,000 രൂപയുടെ മൂലധനവുമായാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് സൈറസ് തുടക്കമിട്ടത്.
ഒരു പവന്‍ സ്വര്‍ണ്ണത്തിന് 83 രൂപ വിലയുള്ള കാലമായിരുന്നു അതെന്നോര്‍ക്കുക. പാമ്പ് കടിയേറ്റാല്‍ ചികിത്സിക്കുന്നതിനുള്ള പ്രതിവിഷം തയ്യാറാക്കിയിരുന്ന ഹാഫ്കൈന്‍ എന്ന സര്‍ക്കാര്‍ കമ്പനിക്ക് ഇതിനായി കുതിരകളെ നല്‍കിയിരുന്നത് സൈറസാണ്. സിറം അല്ലെങ്കില്‍ വാക്സിന്‍ സ്വന്തം നിലയ്ക്ക് ഉത്പാദിപ്പിച്ചുകൂടേ എന്ന ചോദ്യമാണ് സൈറസിനെ പുതിയ കമ്പനിയിലേക്കെത്തിച്ചത്. അതൊരു ദര്‍ശനവും വീക്ഷണവുമാണ്. അതിനുള്ള കുതിരപ്പവന്‍ സൈറസിന് കൊടുക്കുക തന്നെ വേണം.
കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ കൈവിട്ടു കളിക്കാന്‍ അദാര്‍ പൂനവാലയ്ക്ക് തുണയായത് പിതാവ് സൈറസിന്റെ അനുഭവ സമ്പത്ത് തന്നെയായിരിക്കണം. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അദാര്‍ പറഞ്ഞത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വലിയൊരു റിസ്‌ക് എടുക്കുകയാണെന്നാണ്. ബ്രിട്ടീഷ് - സ്വീഡിഷ് കമ്പനിയായ അസ്ട്രസെനക്കയും ഓക്സ്ഫോഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് എന്ന വാക്സിന്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള തീരുമാനമായിരുന്നു അത്.
കോവിഷീല്‍ഡിന് വിവിധ രാജ്യങ്ങളുടെ അംഗീകാരം കിട്ടുമോ എന്ന് ഒരു തരത്തിലുമുള്ള ഉറപ്പില്ലാതിരിക്കെയാണ് അദാര്‍ ഇതിനായി കോടികള്‍ മുടക്കിയത്. അദാര്‍ തന്നെ പറഞ്ഞപ്രകാരം ഏകദേശം 6000 കോടി രൂപയാണ് ഇതിനായി മുതല്‍ മുടക്കേണ്ടിയിരുന്നത്. ഇതില്‍ 2000 കോടി രൂപയോളം തങ്ങള്‍ മുടക്കിയിട്ടുണ്ടെന്നും ബാക്കി ബില്‍ഗേറ്റ്സ് ഫൗണ്ടേഷനെപ്പോലുള്ള ട്രസ്റ്റുകളില്‍ നിന്ന് ധനസഹായമായി സംഘടിപ്പിച്ചിട്ടുണ്ടെന്നും അദാര്‍ വെളിപ്പെടുത്തുകയും ചെയ്തു.
കാറോ സ്‌കൂട്ടറോ നിര്‍മ്മിക്കുന്നതുപോലെയല്ല വാക്സിനുണ്ടാക്കുന്നത്. ഇനിയും കൃത്യമായി അറിയാത്ത ഒരു ശത്രുവിനെതിരെയുള്ള കളിയാണത്. ആ കളിയില്‍ അതുകൊണ്ടുതന്നെ റിസ്‌ക് കൂടുതലാണ്. അതുകൊണ്ടാണ് അദാര്‍ എടുത്തത് വെറും റിസ്‌കായിരുന്നില്ലെന്നും അത് കോടിക്കണക്കിന് മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന റിസ്‌കാണെന്നും മറ്റൊരു വ്യവസായി ആനന്ദ് മഹീന്ദ്ര പറഞ്ഞത്.
വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ അനുമതി കിട്ടുമ്പോഴേക്കും ചുരുങ്ങിയത് 10 കോടി ഡോസെങ്കിലും പൂണെയിലെ ഫാക്ടറിയില്‍ തയ്യാറായിരിക്കും എന്നാണ് അദാര്‍ പറഞ്ഞത്. ഇതിനകം 12.17 കോടി ഡോസ് വാക്സിന്‍ കേന്ദ്ര സര്‍ക്കാരിന് സിറം കൈമാറുകയും ചെയ്തു.
150 രൂപയ്ക്കാണ് ഒരു ഡോസ് കോവിഷീല്‍ഡ് നിലവില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാരിന് കൊടുക്കുന്നത്. ഈ നിരക്കില്‍ പോലും കമ്പനി ലാഭമുണ്ടാക്കുന്നുണ്ടെന്നും എന്നാല്‍ വന്‍ ലാഭമാണ് കമ്പനി ഉറ്റുനോക്കുന്നതെന്നും അദാര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ലാഭം അതിന്റെ ജീവ വായുവാണ്. ലാഭമില്ലെങ്കില്‍ ഒരു കച്ചവടവും അധികനാള്‍ മുന്നോട്ടുപോവില്ല. അതുകൊണ്ടുതന്നെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ലാഭമുണ്ടാക്കാന്‍ പാടില്ലെന്ന് തലയ്ക്ക് വെളിവുള്ള ആരും പറയാനിടയില്ല. ലാഭമല്ല, കൊള്ള ലാഭമാണ് പ്രശ്നം.
150 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ തന്നെ ലാഭമുണ്ടാക്കുന്ന ഒരു ഉത്പന്നം 400 രൂപയ്ക്കും 600 രൂപയ്ക്കും കച്ചവടം ചെയ്യമ്പോള്‍ സംഗതി കൊള്ള ലാഭമാണ്. ജീവന്‍ രക്ഷിക്കാനുള്ള സംഗതിയായതിനാല്‍ വാങ്ങുന്നവന് വേറെ നിവൃത്തിയില്ല. ജനാധിപത്യ സമൂഹത്തില്‍ ഉപഭോക്താവിന് തുണയാവേണ്ടത് ഭരണകൂടമാണ്. ആ വഴിക്കുള്ള ഇടപെടല്‍ വേഗത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓരോ ഇന്ത്യാക്കാരും.
https://www.facebook.com/Malayalivartha


























