ജാപ്പനീസ് യുവതിയെ പീഡിപ്പിച്ചകേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്

നിയമം നടപ്പാക്കാനുള്ള വിദേശവനിതയുടെ നിശ്ചയദാര്‍ഢ്യം പീഡനക്കേസ് പ്രതികളെ കുടുക്കി. ആറുമാസം മുമ്പ് രാജസ്ഥാനില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായ 20-കാരിയായ ജാപ്പനീസ് യുവതി തന്നെ ഉപദ്രവിച്ച ആറു പേര്‍ക്കെതിരേയാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിനെ തുടര്‍ന്ന് ജയ്പൂര്‍ കോടതി പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ചു.
പീഡനത്തിന് പിന്നാലെ പരാതി നല്‍കി നാട്ടിലേക്ക് മടങ്ങിയ യുവതി തിരിച്ചറിയല്‍ പരേഡിനും കോടതിയില്‍ മൊഴി നല്‍കാനുമായി പിതാവിനൊപ്പം രണ്ടു മാസത്തിന് ശേഷം ഇന്ത്യയിലേക്ക് വരികയായിരുന്നു. ഇന്ത്യന്‍ നീതിന്യായത്തില്‍ വിശ്വസിച്ച് ഉറച്ചു നിന്ന പെണ്‍കുട്ടിയെ രാജസ്ഥാന്‍ കോടതി അഭിനന്ദിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 8-നായിരുന്നു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. ജല്‍മഹല്‍ കാണാനായി എത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ഗൈഡ് ചമഞ്ഞ് സമീപിച്ച പ്രധാനപ്രതി അജിത്സിംഗ് ചൗധരി സ്ഥലം കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ജയ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ജയ്പൂര്‍-അജ്മീര്‍ ദേശീയ ഹൈവേയിലെ മൊസാമാബാദ് ഡുഡു ഏരിയയില്‍ വെച്ചാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. കേസിലെ പ്രധാനപ്രതി അജിത്സിംഗ് ചൗധരിയ്ക്കും സുഹൃത്തുക്കളായ അബ്‌റാര്‍, അബ്ദുള്‍ വാഹിദ് എന്നിവര്‍ക്കും 20 വര്‍ഷം തടവാണ് കിട്ടിയത്. കേസിലെ മറ്റ് പ്രതികളായ രാംരാജ്, ശിവ്രാജ്, രാംവീര്‍ എന്നിവര്‍ക്ക് രണ്ടു വര്‍ഷം തടവും കിട്ടി. ധരംവീര്‍, രവീന്ദ്ര, രാജീവ് എന്നിവരെ കുറ്റവിമുക്തരാക്കി.
തന്റെ ബൈക്കില്‍ പകല്‍ മുഴുവന്‍ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കൊണ്ടുനടക്കുകയും രാത്രിയില്‍ ഡുഡുവിലെ മൊജാമാബാദ് ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ നാട്ടുകാരാണ് ഡുഡു പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുവാനും പരാതി നല്‍കുവാനുമുള്ള സഹായങ്ങള്‍ ചെയ്തത്. പോലീസിന് വലിയ വെല്ലുവിളി ഉയര്‍ത്തിയ കേസുകളില്‍ ഒന്നായിരുന്നു ഇത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം തയ്യാറാകുകയും ഫെബ്രുവരി 13-ന് അജിത് സിംഗ് അറസ്റ്റിലാകുകയും ചെയ്തു.
കേസില്‍ ഒമ്പതു പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. കേസ് അവസാനിക്കും വരെ യുവതി സഹകരിച്ചെന്നും പെണ്‍കുട്ടി തികഞ്ഞ ആത്മവിശ്വാസം പ്രകടമാക്കിയെന്നും പോലീസ് വ്യക്തമാക്കി. കോടതിയില്‍ മൊഴി നല്‍കാനും തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുക്കാനുമൊക്കെ പെണ്‍കുട്ടി പ്രകടിപ്പിച്ച മനസാന്നിദ്ധ്യം കേസ് തീരുമാനിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായകമായി മാറുകയും ചെയ്തു. വിധിയില്‍ പെണ്‍കുട്ടിയും കുടുംബവും ന്യൂ ഡല്‍ഹിയിലെ ജപ്പാന്‍ എംബസിയും സന്തുഷ്ടി പ്രകടിപ്പിച്ചു. 376 ഡി ഉപയോഗിക്കുന്ന രാജസ്ഥാനിലെ ആദ്യ കേസാണ് ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























