പോപ്പുലർ ഫ്രണ്ടിന് പൂട്ടിടും? ഭീകരവാദത്തിന്റെ വേരറുക്കാൻ NIA സംഘം കുതിച്ചെത്തി...

രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജന്‍സിയുടെ മിന്നൽ റെയ്ഡ്. പോപ്പുലർ ഫ്രണ്ടിന്റെ അടിവേര് തന്നെ ഇളക്കുന്ന തരത്തിലാണ് ഈ സംഭവവികാസങ്ങൾ നടന്നിരിക്കുന്നത്. ആർക്കും ഒരു സംശയത്തിന് ഇട നൽകാതെ വളരെ നാടകീയമായ റെയ്ഡ് ആയിരുന്നു എൻഐഎ സംഘം നടപ്പിലാക്കിയത്.
ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത തീവ്രവാദ സ്വഭാവമുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഭീകര പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ് നല്‍കിയതും കള്ളപ്പണ ഇടപാടുകൾ, പരിശീലന ക്യാമ്പ് എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തുന്നത്. കേരളത്തിൽ ഉൾപ്പെടെ റെയ്ഡുമായി ബന്ധപ്പെട്ട് നൂറോളം പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ന് പുലർച്ചെ 4.30 നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ കേന്ദ്ര ഏജൻസികൾ റെയ്‌ഡ് ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍,പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് സമാന്തരമായി റെയ്ഡ് നടത്തിയത്. കേരളത്തിൽ നിന്നും പതിമൂന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്തു.
റെയ്ഡിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ വാര്‍ത്താക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ ദിന്‍കര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് രാജ്യവ്യാപക റെയ്ഡുകള്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റെയ്ഡിനുവേണ്ട എല്ലാ പശ്ചാത്തലവും ഒരുക്കി.
ബുധനാഴ്ച അര്‍ധ രാത്രിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയത്. പലസ്ഥലത്തും രാവിലെയും റെയ്ഡ് തുടരുകയാണ്. സിആര്‍പിഎഫ് സുരക്ഷയോടെ ആയിരുന്നു റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളുടേയും സാമ്പത്തിക ഇടപാടുകള്‍ മാസങ്ങളായി എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. എല്ലാ തെളിവുകളും ലഭിച്ച ശേഷമാണ് അര്‍ധരാത്രിയോടെ രാജ്യമെമ്പാടും വ്യാപക റെയ്ഡ് ആംരഭിച്ചത്.
കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിന് പിന്നാലെ നിരവധിപ്പേര്‍ കസ്റ്റഡിയിൽ. കേരളത്തിൽ നിന്നടക്കം 106 പേർ കസ്റ്റഡിയിലായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. സിആര്‍പിഎഫിന്റെ കടുത്ത സുരക്ഷയോടെയാണ് റെയ്ഡ് നടന്നത്.
റെയ്ഡിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സി.ആര്‍.പി.എഫ് സംഘം കൊച്ചിയില്‍ എത്തിയിരുന്നു. പക്ഷേ എന്തിനാണ് എന്ന സൂചന ആർക്കും നൽകാതെയായിരുന്നു റെയ്ഡ് നടത്തിയത്. സംസ്ഥാന പോലീസിനെപ്പോലും ഒഴിവാക്കി ആയിരുന്നു റെയ്ഡ് എന്നതാണ് മറ്റൊരു വിഷയം.
കേരളാ പോലീസിലേക്ക് വിവരം പോയാൽ പ്രതികളെന്ന് സംശയിക്കുന്നവർ രക്ഷപെടും എന്ന സൂചന എൻഐഎയ്ക്ക് ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റിലായവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. 15 പേരെ ലക്ഷ്യമാക്കിയാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. കൊച്ചിയിലെ എന്‍ഐഎ ഓഫീസിനും സിആര്‍പിഎഫിന്റെ കർശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ എന്നിവ പിടികൂടി. നിർണായക രേഖകളാണ് പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റെയ്‌ഡിനെതിരെ വിവിധയിടങ്ങളിൽ പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. പത്ത് സംസ്ഥാനങ്ങളിൽ നിന്നായി നൂറിലധികം പി എഫ് ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എൻഐഎ അറിയിച്ചു.
രാജ്യവ്യാപകമായി ഇത്തരത്തിലുള്ള നീക്കം നടക്കുന്നത് ആദ്യമായാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാംപുകൾ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെ ചേർക്കൽ എന്നീ ആരോപണങ്ങൾ നേരിടുന്നവരെ ലക്ഷ്യമാക്കിയാണ് റെയ്‌ഡെന്നാണ് വിവരമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ 38 ഇടത്ത് എന്‍ഐഎ നടത്തിയ റെയ്ഡിനൊടുവില്‍ നാല് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.
വിദേശ രാജ്യങ്ങളില്‍നിന്ന് ഫണ്ട് ലഭിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നുവെന്ന് എന്നാണ് മനസ്സിലാക്കുന്നത്. ചെന്നൈയിലുള്ള പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ആസ്ഥാനത്തും തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, കടലൂര്‍, ഡിണ്ടിഗല്‍, തേനി, തെങ്കാശി എന്നിവിടങ്ങളിലും റെയ്ഡുകള്‍ നടന്നു. അസമില്‍നിന്ന് 9 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഗുവഹാട്ടിയിലടക്കം റെയ്ഡുകള്‍ നടന്നു. യുപിയിലെ ലഖ്‌നൗ, ഡല്‍ഹിയിലെ ഷഹീന്‍ബാഗ്, ഖാസിപുര്‍ എന്നിവിടങ്ങളിലും റെയ്ഡുകള്‍ നടന്നുവെന്നാണ് വിവരം. റെയ്ഡിന് പിന്നാലെ ഹൈദരാബാദിലുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് എന്‍ഐഎ സീല്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha