ബൈക്കില്‍ ലിഫ്റ്റ് കൊടുക്കുന്നവർ സൂക്ഷിച്ചോ! യാത്രക്കിടെ വിഷം കുത്തിവെച്ച് കൊന്നു! ലിഫ്റ്റ് കൊടുത്തയാളെ തീർത്ത് അപരിചിതന്‍

സാധാരണയായി വഴിയിൽ കാണുന്ന അപരിചിതർക്ക് നമ്മളിൽ കുറച്ച് പേരെങ്കിലും ലിഫ്റ്റ് കൊടുത്തിട്ടുണ്ടാകും. എന്നാൽ ലിഫ്റ്റ് കൊടുക്കുന്നവരെ ഞെട്ടിച്ച ഒരു സംഭവമാണ് നമ്മുടെ രാജ്യത്ത് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അതായത്, ബൈക്ക് യാത്രികനോട് ലിഫ്റ്റ് ചോദിച്ച ശേഷം വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. കൊലപാതകിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സംഭവത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നത്.
തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. ഖമ്മം ജില്ലയിലെ മുദിഗൊണ്ട മണ്ഡലത്തില്‍ തിങ്കളാഴ്ചയാണ് ബൈക്ക് യാത്രികനെ ലിഫ്റ്റ് ചോദിച്ച അപരിചിതന്‍ വിഷം നല്‍കി കൊലപ്പെടുത്തിയത്. 52 കാരനായ ശൈഖ് ജമാല്‍ സാഹിബ് എന്ന കര്‍ഷകന്‍ ആണ് ഈ ക്രൂര കൃത്യത്തെ തുടർന്ന് കൊല്ലപ്പെട്ടത്. കൊലപാതക കാരണം എന്തെന്ന് അറിയാതെ നട്ടം തിരിയുകയാണ് പോലീസും.
ബൊപ്പാറത്തില്‍ നിന്ന് ആന്ധ്രാപ്രദേശിലെ ഗുന്ദ്രായിയിലേക്ക് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രപ്രദേശിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോകുകയായിരുന്നു ശൈഖ് ജമാൽ. വല്ലഭി ഗ്രാമത്തില്‍ എത്തിയപ്പോള്‍ മങ്കി ക്യാപ്പ് ധരിച്ച ഒരു അപരിചിതന്‍ ജമാലിനെ തടഞ്ഞ് നിര്‍ത്തി ലിഫ്റ്റ് നൽകാൻ അഭ്യര്‍ത്ഥിച്ചു. കുറച്ച് ദൂരം യാത്ര ചെയ്ത ശേഷം, അപരിചിതന്‍ ജമാലിന്റെ തുടയില്‍ സിറിഞ്ച് കൊണ്ട് വിഷം കുത്തിവെക്കുകയായിരുന്നു.
തുടയില്‍ വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ജമാല്‍ ഇതിനിടെ ബൈക്ക് നിര്‍ത്തി. ഇതോടെ അപരിചിതന്‍ ബൈക്കില്‍ നിന്ന് ഇറങ്ങി ഇതേ വഴിക്ക് വരുന്ന സുഹൃത്തിനൊപ്പം പോകാമെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബൈക്ക് യാത്രികന്‍ ബൈക്ക് നിര്‍ത്തി ബന്ധുക്കളെ ഫോണില്‍ വിളിച്ച് സംഭവം വിവരിക്കുകയും വിഷം ദേഹത്ത് കയറിയതോടെ ബോധരഹിതനായി വീഴുകയും ചെയ്തു.
സ്ഥലത്തുണ്ടായിരുന്ന മറ്റൊരു കർഷകർ ജമാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷമാണു കുത്തിവച്ചതെന്നാണു സൂചന. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഖമ്മം റൂറൽ എസിപി ജി. ബസ്‌വ റെഡ്ഡി പറഞ്ഞു.
സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂവെന്നും പ്രതിയെ പിടിക്കാനുള്ള ശ്രമത്തിലാണെന്നും മുഡിഗൊണ്ട പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha