വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാതെ കാമുകനെ വിവാഹം കഴിക്കണമെന്ന് വാശി; പത്തൊമ്പതുകാരിയുടെ കൈഞരമ്പ് മുറിച്ച ശേഷം, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അമ്മ

വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിന് മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. തിരുനെൽവേലി ജില്ലയിലെ പാലമട ഗ്രാമത്തിലെ അറുമുഖക്കനി (45) ആണ് മകൾ അരുണയെ (19) കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അറുമുഖക്കനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിലെ ഒരു സ്വകാര്യ നഴ്‌സിംഗ് കോളേജിൽ പഠിക്കുകയായിരുന്നു അരുണ. ഇതിനിടയിൽ അന്യ ജാതിക്കാരനായ യുവാവുമായി പെൺകുട്ടി അടുത്തു. യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ഫോണിലൂടെ അരുണ അമ്മയെ അറിയിച്ചു. തന്റെ പ്രണയത്തെക്കുറിച്ച് അരുണ ഫോണിലൂടെ അമ്മയോട് പറഞ്ഞതിനെത്തുടർന്ന് അറുമുഖക്കനി മകളോട് വിഷയം നേരിട്ട് സംസാരിക്കാൻ വീട്ടിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു.
അമ്മയുടെ വാക്കുകൾ വിശ്വസിച്ച് അരുണ വീട്ടിലെത്തി. എന്നാൽ അറുമുഖകനി ഉടൻ തന്നെ സ്വന്തം ജാതിയിൽപ്പെട്ട ഒരാളുമായി വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അരുണ അതിനെ എതിർക്കുകയും കാമുകനെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതേ തുടർന്ന് ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് അരുണ ഉറങ്ങാൻ കിടപ്പ് മുറിയിലേയ്ക്ക് കയറി. കുറച്ചുസമയത്തിനുശേഷം മുറിയിലെത്തിയ ആറുമുഖകനി ആദ്യം മകളുടെ കൈയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. അതിനുശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കൃത്യത്തിനുശേഷം വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ആറുമുഖകനിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണംചെയ്ത ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് അറുമുഖക്കനിയെ രക്ഷപ്പെടുത്തി തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിൽ എത്തിക്കും മുമ്പുതന്നെ അരുണ കൊല്ലപ്പെട്ടിരുന്നു. പെൺകുട്ടിയുടെ പിതാവും സഹോദരനും ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അറുമുഖക്കനിയെ സീവളപ്പെരി പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം അറിഞ്ഞാൽ പിടിക്കപ്പെടുമെന്ന് കരുതി വീട്ടിലെ ഹെയർ ഡൈയും ഗുളികകളും അറുമുഖക്കനി കഴിക്കുകയായിരുന്നു. അരുണയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
https://www.facebook.com/Malayalivartha