മണിപ്പൂര്‍ സംഘര്‍ഷം.... ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു; സൈനികരുടെ വേഷം ധരിച്ചെത്തിയ അക്രമികള്‍ ഗ്രാമവാസികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു

മണിപ്പൂര്‍ ഖോക്കന്‍ ഗ്രാമത്തില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് സായുധ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സൈനികരുടെ വേഷം ധരിച്ചെത്തിയ അക്രമികള്‍ ഗ്രാമവാസികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് വിവരം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് ശേഷവും മണിപ്പൂരില്‍ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. ഇത് വരെ 98 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കലാപത്തിനിടയില്‍ ജനക്കൂട്ടം കൊള്ളയടിച്ച ആയുധങ്ങള്‍ വ്യാപകമായി ആക്രമണത്തിന് ഉപയോഗിക്കുന്നുണ്ട്. അക്രമാസക്തരായ ജനക്കൂട്ടം സേനയുടെ 4000ത്തിലധികം ആയുധങ്ങള്‍ കൊള്ളയടിക്കുകയും അക്രമങ്ങള്‍ക്കുപയോഗിക്കുകയും ചെയ്തു. രണ്ട് ഘട്ടങ്ങളിലായാണ് ആയുധങ്ങള്‍ കൊള്ളയടിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
മേയ് അവസാനത്തോടെ രണ്ടാം ഘട്ടത്തില്‍ 2500ലധികം ആയുധങ്ങള്‍ പൊലീസ് ക്യാമ്പുകളില്‍ നിന്നും ആയുധശാലകളില്‍ നിന്നും കൊള്ളയടിക്കപ്പെട്ടു. എ.കെ 47 തോക്കും മോര്‍ട്ടാര്‍ ബോംബുകളും ഇതില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ ഈ ആയുധങ്ങള്‍ തിരികെയെത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലായി 150ഓളം ആയുധങ്ങള്‍ തിരികെയെത്തിയിരുന്നു. ഇത് വരെ 868 ആയുധങ്ങള്‍ വീണ്ടെടുത്തതായാണ് വിവരം.
https://www.facebook.com/Malayalivartha