ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു... ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

തലശ്ശേരി കുടക് സംസ്ഥാനാന്തര പാതയില്‍ കര്‍ണാടക പരിധിയിലുള്ള മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. വിരാജ്‌പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മുഖം ഉള്‍പ്പെടെ അഴുകിയ നിലയിലാണ്. മൃതദേഹത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ട്. 25- 35 വയസ്സുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലും കര്‍ണാടകയിലും യുവതികളെ കാണാതായ കേസുകള്‍ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ കണ്ണവം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു മിസിങ് കേസ് രണ്ടാഴ്ചമുന്‍പ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കളെ വിളിച്ചുവരുത്തി കണ്ണവം പൊലീസ് പരിശോധിച്ചെങ്കിലും അത് അല്ലെന്ന് സ്ഥിരീകരിച്ചു. കേരളത്തിലേക്ക് വന്നിട്ടുള്ള മുഴുവന്‍ വാഹനങ്ങളുടെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും.
ചുരത്തില്‍ പ്ലാസ്റ്റിക് ശേഖരിക്കാന്‍ വനംവകുപ്പ് നിയോഗിച്ച സംഘത്തില്‍പെട്ടവരാണ് മൃതദേഹം സംബന്ധിച്ചു പൊലീസില്‍ വിവരമറിയിച്ചത്. റോഡരികിലെ കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ട ബാഗില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെയാണ് ഇവരുടെ ശ്രദ്ധയില്‍പെട്ടത്. കേരളാതിര്‍ത്തിയായ കൂട്ടുപുഴയില്‍നിന്ന് 17 കിലോമീറ്റര്‍ മാറി ഓട്ടക്കൊല്ലിക്കു സമീപം മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിന്റെ പരിധിയിലാണ് ബാഗ് കണ്ടെത്തിയ സ്ഥലം.
https://www.facebook.com/Malayalivartha