വൈദ്യുത വിളക്കില്‍ നിന്നുള്ള വയറ് വീടിന്റെ മേല്‍ക്കൂരയിലേക്ക് പതിച്ചു; ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം...

കന്യാകുമാരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. ആറ്റൂർ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്. വീട്ടിൽ വൈദ്യുതി നഷ്ടമായതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴായാണ് ഷോക്കേറ്റത്. കന്യാകുമാരില്‍ തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയ്ക്കിടെ ചൊവ്വാഴ്ചയാണ് അപകടം നടന്നത്.
ഇവരുടെ വീടിന് സമീപത്തെ വൈദ്യുത വിളക്കില്‍ നിന്നുള്ള വയറ് വീടിന്റെ മേല്‍ക്കൂരയിലേക്ക് പതിച്ചിരുന്നു. മഴയത്ത് കറണ്ട് കട്ടായതോടെ ഇതിലൂടെ വെള്ളം ഒലിച്ചിറങ്ങിയതിനെ തുടര്‍ന്ന് അശ്വിന്‍ ഈ വയർ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് വയറ് മാറ്റാൻ ശ്രമിക്കുകയായിരുന്നു.
സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു. ഇത് കണ്ടു നിന്ന എട്ട് മാസം ഗർഭിണിയായ സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി ഊരി മാറ്റാൻ ശ്രമിച്ചു. അശ്വിന് പിന്നാലെ ആതിരയും ഷോക്കേറ്റ് തറയിൽ വീണു.
ശബ്ദം കേട്ട് ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാൻ നോക്കിയപ്പോഴാണ് ഷോക്കേറ്റ് വീണത്. അശ്വിന്റെ വീട്ടിലേക്കുള്ള വഴിയിൽ അയൽവാസികൾ എത്തിയതോടെയാണ് മൂന്നുപേരും ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടർന്ന് വൈദ്യുതി വിച്ഛേദിച്ച ശേഷം നാട്ടുകാർ തിരുവട്ടാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗർഭിണിയുൾപ്പെടെ ഒരേ കുടുംബത്തിലെ 3 പേർ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം പ്രദേശത്ത് ഏറെ ദു:ഖവും ഞെട്ടലും ഉളവാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ കുഴിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























