'MODI, the Family Man.. PARIVAROM ki NETA' കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി... ഭാര്യ രാധിക നായർക്കും മകൾ ഭാഗ്യ സുരേഷിനുമൊപ്പം സുരേഷ്ഗോപി മോദിക്ക് ആറന്മുളക്കണ്ണാടി സമ്മാനിക്കുന്നതാണ് ചിത്രത്തിലുള്ളത്....

കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. ഭാര്യ രാധിക നായർക്കും മകൾ ഭാഗ്യ സുരേഷിനുമൊപ്പം സുരേഷ്ഗോപി മോദിക്ക് ആറന്മുളക്കണ്ണാടി സമ്മാനിക്കുന്നതാണ് ചിത്രത്തിലുള്ളത്. താമരയുടെ ആകൃതിയിലുള്ള കണ്ണാടിയാണ് സുരേഷ് ഗോപി സമ്മാനിച്ചത്. 'MODI, the Family Man.. PARIVAROM ki NETA' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം ഫേസ്‌ബുക്കിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ രാജ്യസഭാംഗം സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡൽഹിയിലേയ്‌ക്ക് വിളിപ്പിച്ചത് ചർച്ചയായിരുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചതിന് പിന്നാലെയാണ് മോദി ഡൽഹിയിലേക്ക് വിളിപ്പിച്ചത്. എന്നാൽ, സുരേഷ് ഗോപി വ്യക്തിപരമായി താൽപര്യമെടുത്ത് പ്രധാനമന്ത്രിയെ സന്ദർശിച്ചതാണെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി നടത്തുന്ന ചർച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. സുരേഷ് ഗോപി തൃശൂരിൽ നടത്തിയ പദയാത്ര കേരളത്തിലെ ബിജെപിക്ക് ഉണർവേകി എന്നാണ് വിലയിരുത്തൽ. കേന്ദ്ര നേതാക്കളിൽ പലരുടെയും ശ്രദ്ധ തൃശൂരിലെ പദയാത്രയ്ക്ക് ലഭിച്ചിരുന്നു.
പദയാത്ര എൽഡിഎഫ്, യുഡിഎഫ് മുന്നണികളിൽ ഭയം കോരിയിട്ടെന്ന വിലയിരുത്തലും കേരള നേതൃത്വത്തിനുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നും സുരേഷ് ഗോപി മത്സരിക്കുന്ന കാര്യത്തിൽ ഏകദേശം തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതൽ വിജയ സാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. ഇത്തവണ തൃശൂർ കയ്യിലൊതുക്കാനുള്ള രാഷ്ട്രീയ ആയുധമായി കരുവന്നൂർ അടക്കമുള്ള വിഷയങ്ങളും ബിജെപിക്ക് മുന്നിലുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൃശൂർ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവർത്തിക്കുന്നുണ്ട്. പൊതു വിഷയങ്ങളിൽ അടക്കം സുരേഷ് ഗോപി ജില്ലയിൽ കേന്ദ്രീകരിച്ച് ഇടപെടുന്നുണ്ട്. പദയാത്ര അടക്കം ഇതിന്റെ ഭാഗമായാണ് നടത്തിയത്. കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപി നയിച്ച സഹകരണ സംരക്ഷണ പദയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ കരുവന്നൂർ ബാങ്കിന് മുന്നിൽ നിന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പാർട്ടി പതാക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
കോരിച്ചൊരിയുന്ന മഴയത്ത് സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് പേർ പദയാത്രയിൽ അണിചേർന്നിരുന്നു. കരുവന്നൂരിൽ പണം നഷ്ടപ്പെട്ട നിരവധി സഹകാരികളും പദയാത്രയെ അനുഗമിച്ചു. തട്ടിപ്പിന് ഇരയായി ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമച്ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് പദയാത്ര ആരംഭിച്ചത്.
https://www.facebook.com/Malayalivartha



























