ബന്ധുവായ യുവാവിനെതിരെ വ്യാജ ബലാത്സംഗ കേസ്... 45 കാരിക്ക് പത്ത് വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി

ബന്ധുവായ യുവാവിനെതിരെ വ്യാജ ബലാത്സംഗ കേസ് കൊടുത്തതിന് 45 കാരിക്ക് പത്ത് വര്‍ഷം കഠിന തടവ്. സ്വത്ത് തട്ടിയെടുക്കാന്‍ ഭര്‍തൃസഹോദരന്റെ മകനെതിരെ ആയിരുന്നു 45-കാരിയുടെ വ്യാജ പരാതി. മധ്യപ്രദേശിലെ ദേവാസിലെ സെഷന്‍സ് കോടതിയാണ് ആദ്യം പരാതിക്കാരിയായ സ്ത്രീക്ക് കഠിന തടവിനൊപ്പം 2000 രൂപ പിഴയും വിധിച്ചത്. ജാമ്യത്തിലായിരുന്ന പ്രതിയെ വിധിക്ക് പിന്നാലെ ജയിലിലേക്ക് മാറ്റി.
ഇന്‍ഡോറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ബര്‍ഖേദ കോട്ടപായിലായിരുന്നു വിധവയായ സ്ത്രീയുടെ താമസം. 2017 ജൂണ്‍ മൂന്നിനാണ് ഇവര്‍ ബറോത്ത പൊലീസ് സ്റ്റേഷനില്‍ 33- കാരനെതിരെ പരാതി നല്‍കിയത്. ഇവരുടെ പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുത്തെു. എന്നാല്‍ അന്വേഷണം നടത്തിയപ്പോഴാണ് ആരോപണം തെറ്റാണെന്ന് കണ്ടെത്തിയത്. കേസിന്റെ വിചാരണയ്ക്കിടെ ചില തെറ്റായ രേഖകളും വിവരങ്ങളും അവര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
ഒടുവില്‍ 2019 ജൂണ്‍ 18 ന്, ബലാത്സംഗ പരാതി തെറ്റാണെന്ന് കോടതി നിഗമനത്തിലെത്തി. തെറ്റായ വിവരങ്ങള്‍ നല്‍കിയതും വ്യാജ തെളിവുകള്‍ നിര്‍മ്മിച്ചതും ചൂണ്ടിക്കാട്ടി ഐപിസി സെക്ഷന്‍ 182, 211, 195 എന്നിവ പ്രകാരം സ്ത്രീയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഇതോടെയാണ് സ്ത്രീ ഊരാക്കുടുക്കില്‍ പെട്ടത്. വ്യാജ ബലാത്സംഗ പരാതി നല്‍കിയതും തെറ്റായ തെളിവുകള്‍ ഹാജരാക്കിയതും എല്ലാം വ്യക്തമായതോടെ, ഐപിസി സെക്ഷന്‍ 195 പ്രകാരം സ്ത്രീയെ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു.
അവര്‍ കൊടുത്ത കേസില്‍ വിധിയായപ്പോള്‍ അവര്‍ തന്നെ ജയിലില്‍ പോയി, സ്വത്ത് കൈക്കലാക്കാനായിരുന്നു അവര്‍ ബന്ധുവിനെ കേസില്‍ പെടുത്തിയതെന്നും ജില്ലാ പ്രോസിക്യൂഷന്‍ ഓഫീസര്‍ രാജേന്ദ്ര സിംഗ് ബദൗരിയ പറഞ്ഞു. എഡിപിഒ ജയന്തി പുരാണിക്കിന്റെ നേതൃത്വത്തിലാണ് വിചാരണ വിജയകരമായി പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























