2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി

2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുംബയ് ജിയോ വേള്‍ഡ് സെന്ററില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) 141-ാം സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ഒളിംപിക്‌സ് സംഘടിപ്പിക്കുന്നതിന് ഇന്ത്യ ആഗ്രഹിക്കുന്നു. 2036ലെ ഒളിംപിക്‌സ് വേദിക്കായി ശ്രമം ആരംഭിച്ചു. 140 കോടി ഇന്ത്യക്കാരുടെ സ്വപ്നമാണിത്. ഐഒസിയുടെ പിന്തുണയോടെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണം. മെഡലുകള്‍ നേടുന്നത് മാത്രമല്ല. ഹൃദയങ്ങള്‍ നേടുന്നത് കൂടിയാണ് കായിക മത്സരങ്ങള്‍. ചാംപ്യന്മാരെ വളര്‍ത്തുന്നതോടൊപ്പം സമാധാനത്തെയും അത് പ്രോത്സാഹിപ്പിക്കുന്നു. 2029ലെ യൂത്ത് ഒളിംപിക്‌സിനും ഇന്ത്യ സന്നദ്ധമാണ്'- മോദി പറഞ്ഞു.
ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ വിജയം നേടിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. തന്റെ എക്‌സ് പേജിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. അഹമ്മദാബാദിലെ ഇന്നത്തെ ഏറ്റവും വലിയ വിജയമാണെന്നും ഓള്‍ റൗണ്ട് പ്രകടനമായിരുന്നെന്നും മോദി കുറിച്ചു. ഒപ്പം വരുന്ന മത്സരങ്ങള്‍ക്ക് ആശംസകളും അദ്ദേഹം നേരുന്നുണ്ട്.
അതേസമയം, ഇന്നത്തെ മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 എന്ന ചെറിയ ലക്ഷ്യം 30 ഓവറിലാണ് ഇന്ത്യ മറികടന്നത്. 63 പന്തില്‍ ആറ് സിക്സറും ആറ് ഫോറും പറത്തി നായകന്‍ രോഹിത്ത് ശര്‍മ്മ ഇന്ത്യന്‍ വിജയത്തിന്റെ ശില്‍പ്പിയായി. അവസാന പന്തില്‍ ബൗണ്ടറി നേടി അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും (53) മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ അനായാസ ജയം. ഏഴ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ്‌നേടിയ ബുംറയാണ് കളിയിലെ കേമന്‍. പാകിസ്ഥാന് വേണ്ടി ആറോവറില്‍ 36 റണ്‍സ് വഴങ്ങി ഷഹീന്‍ഷാ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി. ഹസന്‍ അലി 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തിയത്.
ഏകദിന ലോകകപ്പില്‍ ഇത് പാകിസ്ഥാനെതിരെ ഇന്ത്യയുടെ എട്ടാം വിജയമാണ്.നേരത്തെ ആര്‍ത്തിരമ്പുന്ന ഇന്ത്യന്‍ ആരാധകരുടെ മുന്നില്‍ ബാറ്റിംഗില്‍ തകര്‍ന്നടിയുകയായിരുന്നു പാകിസ്ഥാന്‍. ഒരുഘട്ടത്തില്‍ നായകന്‍ ബാബറും ഉപനായകന്‍ റിസ്വാനും ചേര്‍ന്ന് ഭദ്രമായ നിലയില്‍ ബാറ്റിംഗ് തുടരവെ കേവലം 36 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്ഥാന്‍ 191 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ദ്ധ സെഞ്ച്വറി നേടിയ ബാബറും (50) റിസ്വാനും(49) ഇമാം ഉള്‍ ഹഖു(36)മാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ബുംറ, സിറാജ്, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
https://www.facebook.com/Malayalivartha



























