നിമിഷപ്രിയയുടെ മോചനത്തിനായി അവർ ഇനി യെമനിലേക്കോ? യെമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ അവസരമൊരുക്കണമെന്ന നിമിഷയുടെ അമ്മയുടെ ഹർജിയിൽ രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണം, ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചു

സനയിലെ ഹൈക്കോടതിയും വധശിക്ഷ ശരിവച്ചതോടെ ശിക്ഷ ഏത് നിമിഷവും നടപ്പിലാക്കിയേക്കുമെന്ന ആശങ്കയിലാണ് നിമിഷയും കുടുംബവും. നിമിഷയുടെ മോചനത്തിനായി യെമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ അവസരമൊരുക്കണമെന്ന അമ്മ പ്രേമകുമാരിയുടെ ഹർജിയിൽ രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. നിരവധി തവണ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടും ഇടപെടൽ ഇല്ലെന്ന് നിമിഷയുടെ അമ്മ കോടതിയോട് പറഞ്ഞു.
യെമനിലേക്ക് യാത്രാ നിരോധനം നിലനിൽക്കുന്നതിനാൽ നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടാണ് നിമിഷയുടെ അമ്മ ഹർജി നൽകിയത്. കോടതി നിര്‍ദേശം എന്തായാലും പാലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുകയാണ് മലയാളി നഴ്‌സ് നിമിഷപ്രിയ. സേവ് നിമിഷ ഭാരവാഹികള്‍ക്കൊപ്പം യെമനിലേക്ക് യാത്ര ചെയ്യുന്നതിന് നയതന്ത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് നിമിഷയുടെ അമ്മ ആവശ്യപ്പെട്ടത്.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ അവിടുത്തെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചന കാര്യത്തിൽ പുരോഗതിയുണ്ടാകാത്ത സഹാചര്യത്തിലാണ് അമ്മ പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. നിമിഷപ്രിയയുടെ മോചനത്തിന്‍റെ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടപെടെണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും ഇതിൽ തുടർ നടപടികളൊന്നും ഉണ്ടായില്ല. ഈ സാഹച്യത്തിലാണ് ഹർജി നൽകിയത്.
ദിയാധനം നല്‍കാന്‍ തയ്യാറാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ പറഞ്ഞിരുന്നു. നിമിഷ പ്രിയയ്ക്ക് വേണ്ടി യമനില്‍ ഒരു വക്കീലിനെ നിയമിച്ചിരുന്നു. എന്നാൽ തലാലിന്‍റെ കുടുംബവുമായി നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിൻ്റെ കുടുംബത്തിലെ രണ്ടംഗങ്ങളാണ് എതിരുനിൽക്കുന്നത്. ഈ രണ്ടുപേരൊഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിട്ടുണ്ട്. അതിനാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കാകാം യെമനിലേക്ക് യാത്ര ചെയ്യുന്നതിന് കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2017 ജൂലൈയില്‍ മയക്കുമരുന്ന് കുത്തിവെച്ചാണ് നിമിഷ തലാലിനെ കൊല്ലുന്നത്. യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ നിമിഷ പ്രിയയെ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.
കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട തലാലിൻ്റെ നാട് ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗമാണ് ഇവർ. അതുകൊണ്ടുതന്നെ കൊലപാതകത്തിനേക്കാൾ കൂടുതൽ അവരെ പ്രകോപിപ്പിക്കുന്നത് കൊലപാതക ശേഷം മൃതദേഹം വികൃതമാക്കിയെന്ന കുറ്റമാണ്.
https://www.facebook.com/Malayalivartha



























