'ഇസ്രയേൽ പട്ടാളം ഗാസയിൽ പ്രവേശിച്ചു... ആദ്യ ഓപ്പറേഷൻ ബങ്കറിൽ ഒളിച്ചിരുന്ന ഹമാസ് ഭീകരരെ പിടിക്കുക... ഏകദേശം 40 ഓളം പേരെ പുകച്ചു പുറത്തു ചാടിച്ചു, ഭീകരർ കീഴടങ്ങി, ഇനി ഇവരെ വെച്ച് ബാക്കിയുള്ളവരെ പൊക്കാം....പ്രചരിക്കുന്ന ചിത്രം സത്യമോ

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇത്രയും ദിവസം വ്യോമാക്രമണമാണ് ഇസ്രയേല്‍ സേന നടത്തിയിരുന്നത് എങ്കില്‍ ഐഡിഎഫ് ഗാസയിലേക്ക് പ്രവേശിച്ചതായും ബങ്കറിൽ ഒളിച്ചിരുന്ന ഹമാസ് ഭീകരരെ പിടികൂടിയതായും ചിത്രം സഹിതം പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. ഏകദേശം നാല്‍പതോളം ഹമാസ് ഭീകരരെ പിടികൂടിയെന്ന് പറഞ്ഞാണ് ഈ ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന്‍റെ വസ്‌തുത പരിശോധിച്ചു.
പ്രചാരണം
ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
'ഇസ്രയേൽ പട്ടാളം ഗാസയിൽ പ്രവേശിച്ചു... ആദ്യ ഓപ്പറേഷൻ ബങ്കറിൽ ഒളിച്ചിരുന്ന ഹമാസ് ഭീകരരെ പിടിക്കുക... ഏകദേശം 40 ഓളം പേരെ പുകച്ചു പുറത്തു ചാടിച്ചു, ഭീകരർ കീഴടങ്ങി, ഇനി ഇവരെ വെച്ച് ബാക്കിയുള്ളവരെ പൊക്കാം ഫോട്ടോയിൽ കാണാം കുഴിയിൽ നിന്നും എലിയെ പിടിക്കുന്നത് പോലെ ഭീകരരെ പോകുന്നത്' എന്നുമാണ് ഗംഗ ബി വാര്യര്‍ ഒക്ടോബര്‍ 24-ാം തിയതി മലയാളത്തില്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.എന്നാല്‍ ഇസ്രയേൽ സൈന്യം ഗാസയിലെ ബങ്കറുകളില്‍ നിന്ന് പിടിച്ച ഹമാസ് ഭീകരുടെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ് കണ്ടെത്തിയത്. ഈ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഗാസയില്‍ നിന്നല്ല, വെസ്റ്റ് ബാങ്കില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിടികൂടിയ പലസ്തീനികളുടെ ചിത്രമാണിത് എന്നാണ് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ലഭിച്ച വിവിധ ട്വീറ്റുകളില്‍ പറയുന്നത്. 2023 ഒക്ടോബര്‍ 21-ാം തിയതി ചെയ്‌തിട്ടുള്ള ട്വീറ്റില്‍ പറയുന്നത് വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ പട്ടണമായ റാമല്ലയ്‌ക്ക് അടുത്ത അറോറ ഗ്രാമത്തില്‍ നിന്നാണ് ഇവരെ ഇസ്രയേല്‍ സേന പിടികൂടിയത് എന്നാണ്. ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ട് ചുവടെ.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഗാസയില്‍ നിന്ന് ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ വെസ്റ്റ് ബാങ്കിലുള്ള നൂറുകണക്കിന് പേരെ ഇസ്രയേല്‍ പിടികൂടി ജയലിലടച്ചു എന്ന് വിവിധ മാധ്യമ വാര്‍ത്തകളില്‍ പറയുന്നുണ്ട്. എന്നാല്‍ ഗാസയില്‍ ബങ്കറുകളില്‍ നിന്ന് നാല്‍പതോളം ഹമാസ് ഭീകരരെ പിടികൂടിയതായി ഈ സഹിതം വാര്‍ത്തകളൊന്നും വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായില്ല.
ഗാസയിൽ പ്രവേശിച്ച് ഇസ്രയേല്‍ സൈന്യം പിടികൂടിയ ഹമാസ് ഭീകരരുടെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ വെസ്റ്റ് ബാങ്കില്‍ നിന്നുള്ളതാണ് എന്നാണ് പരിശോധനയില്‍ നിന്ന് മനസിലാവുന്നത്. ഈ ചിത്രം 2023 ഒക്ടോബര്‍ 21-ാം തിയതി മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. ചിത്രം ഗാസയില്‍ നിന്നുള്ളതാണ് എന്നതിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha



























