സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍... ഡിസംബര്‍ രണ്ടിന് രാവിലെ 11 മണിക്കാണ് യോഗം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ രണ്ടിന് രാവിലെ 11 മണിക്കാണ് യോഗം. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 4 ന് ആരംഭിച്ച് 22 വരെ നീളും. നവംബര്‍ മൂന്നാം വാരത്തില്‍ ആരംഭിച്ച് ഡിസംബര്‍ 25 ന് മുമ്പ് അവസാനിക്കുന്ന രീതിയിലാണ് സാധാരണഗതിയില്‍ ശീതകാല സമ്മേളനം നടന്നിരുന്നത്.
ഇത്തവണ 19 ദിവസങ്ങളിലായി 15 സിറ്റിങ്ങുകള്‍ സെഷനില്‍ ഉണ്ടാകുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഈ സെഷനില്‍, ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമായി ലക്ഷ്യമിടുന്ന മൂന്ന് സുപ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്തേക്കും. ഇതു സംബന്ധിച്ച് മൂന്ന് റിപ്പോര്‍ട്ടുകള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ടതാണ് പരിഗണിക്കാന്‍ സാധ്യതയുള്ള മറ്റൊരു പ്രധാന ബില്‍. മണ്‍സൂണ്‍ സെഷനില്‍ അവതരിപ്പിച്ച, സിഇസിയുടെയും ഇസിയുടെയും പദവി കാബിനറ്റ് സെക്രട്ടറിയുടെ പദവിക്ക് തുല്യമാക്കാന്‍ ശ്രമിക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷവും മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിനിടയില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഈ ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ല. നിലവില്‍ സുപ്രീം കോടതി ജഡ്ജിയ്ക്ക് തുല്യമായ പദവിയാണ് ഇവര്‍ വഹിക്കുന്നത്.
ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്കെതിരായ 'ചോദ്യത്തിന് കൈക്കൂലി' ആരോപണത്തെക്കുറിച്ചുള്ള എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമ്മേളനത്തിനിടെ ലോക്സഭയില്‍ അവതരിപ്പിക്കും. സമിതി ശുപാര്‍ശ ചെയ്യുന്ന പുറത്താക്കല്‍ നടപടി പ്രാബല്യത്തില്‍ വരണമെങ്കില്‍ സഭ റിപ്പോര്‍ട്ട് അംഗീകരിക്കണം.
അതേസമയം കഴിഞ്ഞ സമ്മേളനത്തില്‍ തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സഭാ നടപടികള്‍ മാറ്റിയിരുന്നു. ഈ വര്‍ഷം മെയിലാണ് പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്.
https://www.facebook.com/Malayalivartha


























