തുരങ്കത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് പതിനഞ്ച് ദിവസം... ഇന്ത്യന്‍ ആര്‍മിയിലെ മദ്രാസ് സാപ്പേഴ്‌സ് എന്ന എഞ്ചിനിയറിംഗ് വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്

ഉത്തരാഖണ്ഡ് തുരങ്കത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് പതിനഞ്ച് ദിവസം. വെള്ളിയാഴ്ച വൈകിട്ട് ഓഗര്‍ മെഷീന്‍ പൂര്‍ണമായും തകര്‍ന്ന് പുറത്തെടുക്കാനാവാത്ത വിധം തുരങ്കത്തില്‍ കുടുങ്ങിയതോടെ ഡ്രില്ലിംഗ് നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബദല്‍ പദ്ധതിയായി ആര്‍മിയെ ഉപയോഗിച്ച് മാനുവല്‍ ഡ്രില്ലിംഗ് നടത്താനാണ് പദ്ധതിയിടുന്നത്. തകര്‍ന്നുവീണ തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരന്നെടുക്കുന്നതിനിടെയാണ് മെഷീന്റെ ബ്ലേഡുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്.10 - 15 മീറ്റര്‍ ആര്‍മിയെ ഉപയോഗിച്ച് മാനുവല്‍ ഡ്രില്ലിംഗ് നടത്താനാണ് ആലോചന. ഒരു സമയം ഒരാള്‍ക്ക് മാത്രമേ മാനുവല്‍ ഡ്രില്ലിംഗ് നടത്താന്‍ സാധിക്കുകയുള്ളൂ.
ഇന്ത്യന്‍ ആര്‍മിയിലെ മദ്രാസ് സാപ്പേഴ്‌സ് എന്ന എഞ്ചിനിയറിംഗ് വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തുരങ്കത്തിന് സമീപത്തായി നാല്‍പ്പത്തിയൊന്ന് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഭക്ഷണവും വെള്ളവും ഓക്‌സിജനും മരുന്നുകളുമെല്ലാം നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സ്ഥിതിഗതികള്‍ വിലയിരുത്തി. തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ എല്ലാ മാര്‍ഗങ്ങളും പരിശോധിക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വീടുകളിലേക്ക് വിളിക്കാന്‍ ലാന്‍ഡ് ഫോണ്‍ ഒരുക്കും. ഇതിനായി വയറുകള്‍ വലിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിസ്തുമസിന് മുമ്പ് അവരെ പുറത്തെത്തിക്കുമെന്ന് വിദഗ്ദ്ധര്‍ ഉറപ്പുനല്‍കി.
https://www.facebook.com/Malayalivartha


























