ഉത്തരകാശി ടണലില്‍ ദിവസങ്ങള്‍ കഴിയുന്തോറും രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളികള്‍ ഏറിക്കൊണ്ടിരിക്കുന്നു;41 തൊഴിലാളികളുടെ ജീവന്‍രക്ഷ സാങ്കേതിക തടസ്സങ്ങള്‍മൂലം ആണ് വൈകുന്നത്,തുരങ്കത്തിന് മുകളില്‍ നിന്ന് താഴേക്ക് തുരക്കുകയെന്നതാണ് പരിഗണനയിലുള്ള മറ്റൊരു മാര്‍ഗം,അവരെ ജീവനോടെ പുറത്ത് എത്തിക്കാന്‍ രാജ്യം ഒന്നടങ്കം പ്രാര്‍ത്ഥനയില്‍

ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള സില്‍കാര തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 15 ദിവസം; തുരങ്കത്തിന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പ്രയാസമേറിയതെന്ന് കേന്ദ്ര ദുരന്തനിവാരണ സേന. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാന്‍ കരുതിയതിലുമേറെ സമയമെടുക്കുമെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് പറയുമ്പോഴും ഇത്ര ദിവസത്തിനുള്ളില്‍ പോലും അവരെ പുറത്തെത്തിക്കാന്‍ സാധിക്കാത്ത നിരാശയിലാണ് രാജ്യം. എത്രയും പെട്ടെന്ന് തൊഴിലാളികളെ പുറത്തെത്തിക്കുമെന്നായിരുന്നു രണ്ട് ദിവസം മുമ്പ് വരെയുള്ള പ്രതീക്ഷ. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളികള്‍ ഏറിക്കൊണ്ടിരിക്കുകയാണ്.
ഉത്തരകാശിയിലെ സില്‍കാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളുടെ ജീവന്‍രക്ഷ സാങ്കേതിക തടസ്സങ്ങള്‍മൂലം ആണ് വൈകുന്നത് . ദേശീയ ദുരന്തനിവാരണഅതോറിറ്റി (എന്‍.ഡി.എം.എ.) തുരക്കാന്‍ ഉപയോഗിക്കുന്ന ഓഗര്‍ മെഷീന്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ബേസ്‌മെന്റിന് ഇളക്കംതട്ടിയതിനുപിന്നാലെ വ്യാഴാഴ്ച ഉച്ചയോടെ നിര്‍ത്തിവെച്ച ഡ്രില്ലിങ് ഇതുവരെ ആരംഭിക്കാനായില്ല. തുരങ്കകവാടത്തില്‍ വീണ അവശിഷ്ടങ്ങള്‍ തുരന്നുള്ള രക്ഷാപ്രവര്‍ത്തനം യന്ത്രത്തിന് തകരാര്‍ സംഭവിച്ചതോടെ നിലച്ചിരിക്കുകയാണ്. തുരങ്കത്തിലെ 57 മീറ്റര്‍ പാറകളും കോണ്‍ഗ്രീറ്റുകളും തിരശ്ചീനമായി തുരക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മണ്ണിനുള്ളില്‍ ഉണ്ടായിരുന്ന ഇരുമ്പ് ദണ്ഡിലും നിര്‍മാണ വാഹനങ്ങളിലും യന്ത്രം ഇടിക്കുകയായിരുന്നു. ഇതോടെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികള്‍ക്ക് വെറും ഒമ്പത് മീറ്റര്‍ അകലെ ഓഗര്‍ എന്നറിയിപ്പെടുന്ന ഡ്രില്ലിങ് ഉപകരണം കേടാകുകയായിരുന്നു. അവശേഷിക്കുന്ന ഭാഗം യന്ത്രസഹായമില്ലാതെ തുരന്നോ, അല്ലെങ്കില്‍ മുകളില്‍ നിന്ന് താഴേക്ക് തുരന്നോ രക്ഷാപ്രവര്‍ത്തനം തുടരാനാണ് നീക്കം.
കഴിഞ്ഞ രണ്ടുദിവസമായി രക്ഷാപ്രവര്‍ത്തനം ഒട്ടും മുന്നോട്ടുപോയിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരന്ന് 60 മീറ്റര്‍ നീളത്തില്‍ വ്യാസമേറിയ പൈപ്പ് സ്ഥാപിച്ച് അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനായിരുന്നു പദ്ധതി. 48 മീറ്ററോളം തുരന്ന് പൈപ്പ് സ്ഥാപിച്ചെങ്കിലും അവസാനഘട്ടം അതീവ ദുഷ്‌കരമായി. തുരക്കുന്ന ഓഗര്‍ മെഷീന്റെ ബ്ലേഡുകള്‍ ഇന്നലെ അവശിഷ്ടങ്ങളില്‍ കുടുങ്ങി പൊട്ടിയതോടെ തുടര്‍പ്രവര്‍ത്തനം നിര്‍ത്തി. ഓഗര്‍ മെഷീന്‍ ഉപയോഗിച്ച് ഇനി തുരക്കാനാവാത്ത സാഹചര്യമാണ്. 12 മീറ്ററോളം ഭാഗമാണ് ഇനി തുരക്കാന്‍ അവശേഷിക്കുന്നത്. യന്ത്രസഹായമില്ലാതെ ഇത്രയും ഭാഗം നേരിട്ട് തുരക്കുന്നത് ഏറെ അപകടം നിറഞ്ഞതാണെന്നും വിചാരിക്കുന്നതിലുമേറെ സമയമെടുക്കുമെന്നും ദുരന്തനിവാരണ സേന പറയുന്നു. കമ്പിയും കോണ്‍ക്രീറ്റ് സ്ലാബുകളും ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ നിറഞ്ഞുകിടക്കുകയാണ് തുരങ്കത്തില്‍.
തുരങ്കത്തിന് മുകളില്‍ നിന്ന് താഴേക്ക് തുരക്കുകയെന്നതാണ് പരിഗണനയിലുള്ള മറ്റൊരു മാര്‍ഗം. മലമുകളില്‍ നിന്ന് 82 മീറ്ററോളം ഇത്തരത്തില്‍ തുരന്നുവേണം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്കെത്താന്‍. മുകളിലേക്ക് യന്ത്രങ്ങളെത്തിക്കാന്‍ റോഡ് നിര്‍മിച്ചിട്ടുണ്ട്. നേരത്തെ, രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനെത്തിയ അന്താരാഷ്ട്ര വിദഗ്ധന്‍ ആര്‍നോള്‍ഡ് ഡിക്‌സും നിര്‍ദേശിച്ചത് മുകളില്‍ നിന്ന് തുരക്കാനായിരുന്നു. എന്നാല്‍, പര്‍വവതമേഖലയിലുള്‍പ്പെടുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതി പരിഗണിച്ചാണ് തുടക്കത്തില്‍ മുകളില്‍ നിന്ന് തുരക്കല്‍ ഒഴിവാക്കിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളികളുടെ മനോവീര്യം ഉറപ്പാക്കുന്നുണ്ടെന്നും കുടുംബാംഗങ്ങളുമായി സംസാരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവംബര്‍ 12നാണ് നിര്‍മാണത്തിലുള്ള സില്‍ക്ക്യാര തുരങ്കത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് 41 തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയത്. ഇവരെ നിരന്തരമായി ബന്ധപ്പെടുകയും കുഴലിലൂടെ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ നല്‍കുകയും ചെയ്യുന്നുണ്ട്. ഇവരുടെ ആരോഗ്യനിലയും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. അതേസമയം, 15 സെന്റീമീറ്റര്‍ പൈപ്പിലൂടെ തൊഴിലാളികള്‍ക്ക് അരിയും പയറും നല്‍കുന്നുണ്ട്. മറ്റൊരു പൈപ്പിലൂടെ ഓക്‌സിജനും വിതരണം ചെയ്യുന്നു. തൊഴിലാളികളുടെ ആരോഗ്യം വിശകലനം ചെയ്യുന്നതിനായി മാനസികാരോഗ്യ വിദഗ്ധരടക്കമുള്ള ഡോക്ടര്‍മാര്‍ തുരങ്കത്തിന് പുറത്തുണ്ട്. തൊഴിലാളികള്‍ക്ക് ആറ് ഇഞ്ച് പൈപ്പ് വഴി മൊബൈല്‍ ഫോണുകളും നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ ലാന്‍ഡ് ലൈന്‍ ഫോണ്‍ ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എലും അറിയിച്ചു. ഈ മാസം 12 നാണ് ജോലിക്കിടെ തുരങ്കത്തില്‍ മണ്ണിടിച്ചിലുണ്ടായി തൊഴിലാളികള്‍ കുടുങ്ങിയത്.
https://www.facebook.com/Malayalivartha


























