കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍... ബിആര്‍എസിനെ പരാജയപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ പരാജയപ്പെടുത്തണമെങ്കില്‍ ആദ്യം തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസിനെ പരാജയപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് ബിആര്‍എസും ബിജെപിയും അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.
കെസിആര്‍ പാര്‍ലമെന്റില്‍ മോഡി സര്‍ക്കാരിനെ പിന്തുണച്ചെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തെലങ്കാനയില്‍ 119 നിയമസഭാ സീറ്റുകളിലേക്ക് നവംബര്‍ 30ന് ആണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.
കെസിആറിനെതിരെ എന്തെങ്കിലും കേസുകള്‍ ഉണ്ടോയെന്ന് അറിയാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. 'അദ്ദേഹമാണ് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിനെ നയിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ കെസിആറിന് പിന്നാലെ പോകാത്തത് എന്താണ്?', രാഹുല്‍ ചോദിച്ചു.
പ്രധാനമന്ത്രിക്കെതിരെ പോരാടുമ്പോള്‍ തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി 24 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കോടതികള്‍ കാലാകാലങ്ങളില്‍ സമന്‍സ് അയക്കാറുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയ്ക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കളോടുമൊപ്പമാണ് രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുത്തത്.
'ആദ്യമായി, മാനനഷ്ടത്തിന്, എനിക്ക് രണ്ട് വര്‍ഷത്തെ ശിക്ഷ ലഭിച്ചു, എന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. എന്റെ സര്‍ക്കാര്‍ വീട് എടുത്തു. എനിക്ക് അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. എന്റെ വീട് ഈ രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവരുടെ ഹൃദയത്തിലാണ്. പോരാട്ടം പ്രത്യയശാസ്ത്രപരമാണ്, അതില്‍ എനിക്ക് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല'', അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























