തുരങ്കത്തില്‍ കുടുങ്ങിയ മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിച്ചു... പുറത്തെത്തിച്ചവര്‍ക്കായി അടിയന്തര ചികിത്സാ സൗകര്യം തുരങ്കത്തിനുള്ളില്‍ തന്നെ ഒരുക്കിയിട്ടുണ്ട്; ചെറിയ ഇരുമ്പ് സ്ട്രെച്ചര്‍ അകത്തേക്ക് അയച്ച് തൊഴിലാളികളെ അതില്‍ ഇരുത്തി ഓരോരുത്തരെയായി പുറത്തെത്തിക്കുകയായിരുന്നു

ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിച്ചു. കഴിഞ്ഞ 17 ദിവസമായി ഇവര്‍ തുരങ്കത്തിനുള്ളിലായിരുന്നു. പുറത്തെത്തിച്ചവര്‍ക്കായി അടിയന്തര ചികിത്സാ സൗകര്യം തുരങ്കത്തിനുള്ളില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് എത്തിക്കാന്‍ തുരങ്കത്തിന് പുറത്ത് ഡോക്ടര്‍മാരും ആംബുലന്‍സുകളും തയ്യാറാണ്. സമീപത്തെ ആശുപത്രികളിലും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) മൂന്ന് ടീമുകള്‍ തുരങ്കത്തിനുള്ളിലേക്ക് പോയിരുന്നു.
തുരങ്കത്തിനുള്ളില്‍ നിന്ന് ഒഴിപ്പിച്ച തൊഴിലാളികളുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സഹമന്ത്രി ജനറല്‍ (റിട്ട) വി കെ സിങ്ങും ഒപ്പമുണ്ട്. തൊഴിലാളികളുടെയും രക്ഷാപ്രവര്‍ത്തകരുടെയും ധൈര്യത്തെ ധാമി അഭിനന്ദിച്ചു. പുറത്തേക്ക് കൊണ്ടുപോകുന്ന തൊഴിലാളികളുടെ ബന്ധുക്കളും തുരങ്കത്തിലുണ്ട്.
തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാന്‍ റാറ്റ്-ഹോള്‍ ഖനന വിദഗ്ധരുടെ ഒരു സംഘം മാനുവല്‍ ഡ്രില്ലിംഗ് നടത്തിയിരുന്നു. തുരങ്കത്തിന്റെ തകര്‍ന്ന ഭാഗത്തിന്റെ അവസാനത്തെ 10 അല്ലെങ്കില്‍ 12 മീറ്റര്‍ ഭാഗത്തെ അവശിഷ്ടങ്ങളിലൂടെ തിരശ്ചീനമായി മാനുവല്‍ ഡ്രില്ലിംഗ് പ്രവര്‍ത്തനത്തില്‍ 12 റാറ്റ്-ഹോള്‍ ഖനന വിദഗ്ധരാണ് ഉള്‍പ്പെട്ടിരുന്നത്. പൈപ്പില്‍ കുടുങ്ങിയിരുന്ന ഓഗര്‍ യന്ത്രത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും നീക്കി. പൈപ്പില്‍ തൊഴിലാളികള്‍ കയറിയാണ് തുരന്നത്. ഈ ജോലികള്‍ വിലയിരുത്താന്‍ വിദേശ സാങ്കേതിക വിദഗ്ധരടക്കം സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഇക്കാര്യം ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നോഡല്‍ ഓഫീസര്‍ നീരജ് ഖൈര്‍വാള്‍ സ്ഥിരീകരിച്ചിരുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ്എസ് സന്ധു എന്നിവര്‍ തിങ്കളാഴ്ച സില്‍ക്യാര സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളോട് മിശ്ര സംസാരിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് പുറത്തുള്ള ആളുകളുമായി സംസാരിക്കാന്‍ സഹായിക്കുന്നതിന് പൈപ്പ് വഴി ഒരു മൈക്ക് നല്‍കിയിട്ടുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തന സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ദിവസത്തില്‍ രണ്ടുതവണ സംസാരിക്കുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























