ട്രെയിനില്‍ സീറ്റ് കിട്ടാത്തതിനാല്‍ യുവാവ് കാട്ടിയ സാഹസികത...

ട്രെയിനില്‍ സീറ്റ് കിട്ടാത്തതിനാല്‍ ട്രെയിനിന്റെ മുകളില്‍ കിടന്ന് അഞ്ച് മണിക്കൂറോളം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍. ഹംസഫര്‍ എക്സ്പ്രസ് ട്രെയിനിന്റെ റൂഫില്‍ കിടന്ന് ദില്ലിയില്‍ നിന്ന് കാണ്‍പൂരിലേക്ക് യാത്ര ചെയ്ത ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സ്വദേശി ദിലീപ് കുമാര്‍ (30)ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ദില്ലിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലിലാണ് ദിലീപ് യാത്ര ചെയ്യാന്‍ എത്തിയത്.
എന്നാല്‍, സീറ്റ് ലഭ്യമല്ലാത്തതിനാല്‍ ട്രെയിനിന്റെ മുകളില്‍ യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പ്രയാഗ്രാജിലെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം പിഴ ഈടാക്കി വിട്ടയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രെയിനിനുള്ളില്‍ സീറ്റ് ലഭ്യമല്ലാത്തതിനാലാണ് മുകളില്‍ കയറി യാത്ര ചെയ്തതെന്നാണ് ചോദ്യം ചെയ്യലില്‍ ദിലീപ് കുമാര്‍ വെളിപ്പെടുത്തിയത്.
130 കിലോമീറ്റര്‍ വേഗതയില്‍ ഓടിയ ട്രെയിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കാണ്‍പൂരിലെത്തിയത്. ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കയറുമ്പോള്‍ മുകളില്‍ ഒരാള്‍ കിടക്കുന്നത് കണ്ട് പ്ലാറ്റ്‌ഫോമിലുള്ള യാത്രക്കാര്‍ ഞെട്ടി. തുടര്‍ന്ന് റെയില്‍ പാളത്തിന് മുകളിലുള്ള ഇലക്ട്രിക് ലൈനുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇയാളെ സുരക്ഷിതമായി താഴെയിറക്കാന്‍ വിവരം അറിഞ്ഞെത്തിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചു.
എന്നാല്‍, ദിലീപ് ഇറങ്ങിവരാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെ യുവാവിനെ താഴെയിറക്കാന്‍ ട്രാക്കിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. ഒടുവില്‍ ദിലീപിനെ താഴെ ഇറക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ റെയില്‍വേ പൊലീസിന് കൈമാറി. കാണ്‍പൂര്‍ സെന്‍ട്രലിലെ ഒരു ട്രെയിന്‍ കോച്ചിന്റെ റൂഫില്‍ കിടക്കുന്നതായാണ് യുവാവിനെ കണ്ടതെന്ന് റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ശര്‍മ പറഞ്ഞു.റെയില്‍വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബലം പ്രയോഗിച്ച് ഇയാളെ താഴെയിറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























