റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുമേല്‍ ഭീഷണി

പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുമേലും ഭീഷണിയുള്ളതായി വിലയിരുത്തല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി) എന്‍എസ്ജി എന്നിവയുടെ തലവന്‍മാരും കേന്ദ്ര ആഭ്യന്തര, പ്രതിരോധ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ലക്ഷ്യമാക്കി ആറു മുതല്‍ 10 വരെ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നതായി യോഗത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. പഞ്ചാബ് വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നതെന്നാണ് ലഭിക്കുന്ന സൂചന. ഇതേത്തുടര്‍ന്ന് പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വര്‍ധിപ്പിച്ച സുരക്ഷ കൂടുതല്‍ ശക്തമാക്കാനും ധാരണയായി. മാത്രമല്ല, ആക്രമണ സാധ്യതയുള്ള സ്ഥലങ്ങളിലും സൈനിക ക്യാംപുകളിലും സുരക്ഷാ പരിശോധന നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. അടുത്തകാലത്തായി ഭീകരര്‍ സൈനികരെയും സൈനിക താവളങ്ങളെയും കൂടുതലായി ലക്ഷ്യമിടുന്ന സാഹചര്യത്തിലാണിത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലും സുരക്ഷാ പരിശോധന കര്‍ശനമായി നടത്തും.
ഭീകരാക്രമണ ഭീഷണിയുെട പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 10,000ല്‍ അധികം അര്‍ധസൈനികരെ നിയോഗിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്‍ദാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
പഠാന്‍കോട്ട് വ്യോമസേനാ താവളം ആക്രമിക്കാനുള്ള ശ്രമത്തിനിടെ ആറ് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇക്കൂട്ടത്തില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യതയും രഹസ്യാന്വേഷണ ഏജന്‍സികള്‍ തള്ളിക്കളഞ്ഞിരുന്നില്ല. പഠാന്‍കോട്ട് ആക്രമണം നടത്തിയ ഭീകരരില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയതായി നേരത്തേതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടെയാണ്, കൂടുതല്‍ ഭീകരര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന ഐബിയുടെ മുന്നറിയിപ്പ്. അതിനിടെ, പതിനഞ്ചിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നുകയറിയിട്ടുണ്ടെന്നാണ് പഞ്ചാബ് പൊലീസിന്റെ ഭാഷ്യം.
വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ യോഗത്തില്‍ ധാരണയായി. രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ പരിശോധയ്ക്ക് വിധേയമാക്കും.
https://www.facebook.com/Malayalivartha

























