മോഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി, മോഡി സര്‍ക്കാരിന്റെ പദ്ധതികളെല്ലാം ചില വന്‍കിട വ്യവസായികളുടെ വളര്‍ച്ചയ്ക്കു വേണ്ടി മാത്രമുള്ളത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികളെല്ലാം ചില വന്‍കിട വ്യവസായികളുടെ വളര്‍ച്ചയ്ക്കു വേണ്ടി മാത്രമുള്ളതാണ്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ആഗോള വിപണിയില്‍ പെട്രോളിന്റെ വില ഒരു ബാരലിന് 150 ഡോളറായിരുന്നു. എന്നാല്‍ ഇന്നു ബാരലിന് 29 ഡോളറായി കുറഞ്ഞു.
എന്നിട്ടും രാജ്യത്ത് പെട്രോളിന്റെ വില കുറയുന്നില്ല. ഇന്ധനവിലയിലൂടെ സര്‍ക്കാര്‍ നേടിയെടുത്ത കോടിക്കണക്കിന് രൂപ എവിടെയെന്നും എന്തുകൊണ്ടാണ് പയറുവര്‍ഗ്ഗങ്ങളുടെ വില കിലോയ്ക്ക് 230 രൂപ വരെ എത്തിയതെന്നും രാഹുല്‍ ചോദിച്ചു.
രണ്ടോ മൂന്നോ വ്യവസായകരെ ലക്ഷ്യമിട്ടുകൊണ്ട് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ മൂലമാണ് ഇതെല്ലാം സംഭവിക്കുന്നത്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ സാധാരണ ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കെതിരെയും രാഹുല്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മോദിജി താങ്കള്‍ ആദ്യം മുംബൈയിലെ ധാരാവിയില്‍ വരിക. അവിടെ ഓരോ വീടിലും ചെറുകിട വ്യവസായങ്ങളുണ്ട്. അവിടുത്തെ വ്യവസായ സംരംഭങ്ങളെ കണ്ടു പഠിക്കുക. ആദ്യം മേയ്ക്ക് ഇന്‍ ധാരാവി പൂര്‍ത്തിയാക്കൂ, അതു കഴിഞ്ഞ് മേയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് ആലോചിക്കൂ രാഹുല്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























