മോദിയെ ഭയപ്പെടുത്തി സഖ്യകക്ഷികളുടെ മൗനം... സുപ്രധാന വകുപ്പുകൾ തട്ടിയെടുക്കുമോ? കളിച്ച് നിതീഷും നായിഡുവും

മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭ രൂപീകരണവുമായുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. നാല് എംപിമാരുള്ള മുന്നണിയിലെ പാർട്ടിക്ക് ഒരു കാബിനറ്റ് മന്ത്രിയെന്ന ഫോർമുലയാണ് ബിജെപി മുന്നോട്ടുവച്ചത്. ഈ ഫോർമുല പിന്തുടർന്നാൽ ടിഡിപിക്ക് നാല് മന്ത്രിമാരും ജെഡിയുവിന് മൂന്ന് മന്ത്രിമാരെയും ലഭിക്കും. അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കണം, ജാതി സെന്‍സസ് നടപ്പാക്കണം; സഖ്യകക്ഷികളുടെ ആവശ്യങ്ങളില്‍ കുരുങ്ങി ബിജെപി.
എന്നാൽ സ്പീക്കർ പദവി തങ്ങൾക്ക് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ടിഡിപി. സ്പീക്കർ പദവി ലഭിച്ചില്ലെങ്കിൽ മുന്നണിയോട് ബൈ പറയാൻ വരെ ചന്ദ്രബാബു നായിഡു തയ്യാറായേക്കും. സ്പീക്കർ സ്ഥാനം ചോദിക്കുന്ന ടിഡിപിക്ക് മന്ത്രിസഭയിൽ രണ്ട് പ്രധാന വകുപ്പുകൾ നല്കി അനുനയിപ്പിക്കാനാണ് ബിജെപി നീക്കം. നാല് മന്ത്രിമാർ വേണമെന്നാണ് ജെഡിയു നിർദ്ദേശിച്ചത്.
റെയിൽവേ, കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും ജെഡിയു നല്കിയ പട്ടികയിൽ ഉണ്ട്. ആറു മന്ത്രിമാരെ നല്കണം എന്ന നിർദ്ദേശമാണ് ചന്ദ്രബാബു നായിഡു മുന്നോട്ട് വെച്ചിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിൽ ടിഡിപിക്ക് താല്പര്യമുണ്ട്. സഹമന്ത്രി സ്ഥാനം നല്കി അനുനയിപ്പിക്കാനാണ് സാധ്യത. ഐടി, വാണിജ്യം, ട്രാൻസ്പോർട്ട് എന്നീ വകുപ്പുകളും നായിഡു ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം ചേർന്ന മുന്നണി യോഗത്തിൽ നിതീഷ് കുമാർ ബിജെപിക്ക് മുന്നിൽ ഉപാദിവച്ചെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. മൂന്ന് കാബിനറ്റ് മന്ത്രിമാരെ നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബീഹാറിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യവും ജെഡിയു മുന്നോട്ടുവച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാർ തങ്ങളുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ച അഗ്നിവീറിൽ മാറ്റം വരുത്തണമെന്ന ആവശ്യപ്പെട്ടിരിക്കുകയാണ് ജെഡിയു. സായുധ സേനയുടെ റിക്രൂട്ട്‌മെന്റിനുള്ള അഗ്നിവീർ പദ്ധതി ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതായി ജെഡിയു വിശ്വസിക്കുന്നു. ഈ പദ്ധതിക്ക് കീഴിൽ, യുവാക്കളെ നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നു.
ഇതിനുശേഷം, 25ശതമാനം അഗ്നിവീറുകൾ മാത്രമേ നിലനിർത്തൂ, ബാക്കിയുള്ളവരെ ചില സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി റിലീസ് ചെയ്യുന്നതാണ്. ഈ പദ്ധതി ബീഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന വിലയിരുത്തലുണ്ട്. ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ പദ്ധതി പിൻവലിക്കുമെന്ന വാഗ്ദാനം നൽകിയിരുന്നു.
തിരഞ്ഞെടുപ്പിലെ പ്രകടന പട്ടികയിലും ഇത് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അഗ്നിവീർ പദ്ധതിയിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജെഡിയു. പദ്ധതിയിൽ മാറ്റം വരുത്തണമെന്ന് ജെഡിയു വക്താവ് കെസി ത്യാഗി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂൺ ഒമ്പതിന് നടക്കാനാണ് സാധ്യത.
രണ്ടാം മോദി മന്ത്രിസഭയിൽ ആഭ്യന്തരം അമിത് ഷായും പ്രതിരോധം രാജ്നാഥ് സിങ്ങും ധനകാര്യം നിർമല സീതാരാമനും വിദേശകാര്യം എസ്.ജയ്ശങ്കറുമാണ് കാബിനറ്റ് മന്ത്രിമാരായിരുന്നത്. അശ്വിനി വൈഷ്ണവ് റെയിൽവേ, ഐടി മന്ത്രിയും അർജുൻ രാം മേഘ്‌വാൾ നിയമമന്ത്രിയുമായിരുന്നു. ഇവർ തന്നെയാണോ സ്ഥാനങ്ങളിൽ തുടരുകയെന്നതിൽ സ്ഥിരീകരണമില്ല.
മന്ത്രിസ്ഥാനങ്ങളിൽ വെള്ളിയാഴ്ച നടക്കുന്ന എൻഡിഎ എംപിമാരുടെ യോഗത്തിൽ ചർച്ചയുണ്ടായേക്കും. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ പേര് ഇന്നലെ എൻഡിഎ സഖ്യകക്ഷികൾ അംഗീകരിച്ചിരുന്നു. ആന്ധ്രയിലെ വിജയത്തിനും സഹായിച്ചത് മോദിയുടെ നേതൃത്വമാണെന്നാണ് ചന്ദ്രബാബു നായിഡു യോഗത്തിൽ പറഞ്ഞത്. ജനവിധി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാനാണെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലും വ്യക്തമാക്കി.
എത്രയും വേഗം സർക്കാർ രൂപീകരിക്കണം എന്നാണ് നിതീഷ് കുമാർ നിർദ്ദേശിച്ചത്. മോദിക്ക് പിന്തുണ ഉറപ്പിച്ചെങ്കിലും സഖ്യകക്ഷികൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ തീരുമാനമെടുക്കുന്നത് ബിജെപിക്ക് വലിയ തലവേദനയാകുകയാണ്. ഇതിനിടെ, ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ടിഡിപി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയുടെ തീയതിയും മാറ്റി.
ജൂണ്‍ 12നായിരിക്കും ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. നേരത്തെ ജൂണ്‍ എട്ടിനായിരുന്നു സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് എട്ടിന് നടക്കുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത ദിവസം ആന്ധ്രയില്‍ നേതാക്കള്‍ എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീയതി മാറ്റിയത്. ജൂണ്‍ 12ന് അമരാവതിയിലായിരിക്കും സത്യപ്രതിജ്ഞ.
https://www.facebook.com/Malayalivartha
























