കർണാടകയിൽ ഭീകര പൊട്ടിത്തെറി... മന്ത്രിസഭയിൽ ആദ്യ രാജി.... തന്ത്രവുമായി BJP

കോടികളുടെ അനധികൃത പണമിടപാട് കേസില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. കർണാടക മഹർഷി, വാൽമീകി പട്ടികവർഗ വികസന കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടർന്നാണ് സിദ്ധരാമയ്യ സർക്കാരിലെ ആദ്യ രാജി. രാജിക്കത്ത് ബി. നാഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറി.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. ആരോപണങ്ങൾ മന്ത്രി നിഷേധിച്ചിട്ടുണ്ടെന്നും സർക്കാരിനെ സമ്മർദ്ദത്തിലാക്കാതിരിക്കാനാണ് രാജിയെന്നും അവസാന തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും ഡി.കെ.ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഹൈക്കമാന്റുമായി ആലോചിച്ച് രാജിയിൽ തീരുമാനമെടുക്കുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.
വിഷയത്തിൽ ബിജെപി ഇന്ന് നിയമസഭയ്ക്കു പുറത്ത് പ്രതിഷേധിച്ചിരുന്നു. ഗോത്ര വികസനത്തിനായി രൂപീകരിച്ച കോർപറേഷന് കീഴിൽ ഉള്ള 187 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി മാറ്റി എന്നതാണ് കേസ്. വാൽമീകി കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിനെ മരിച്ച നിലയിൽ മെയ് 26-ന് കണ്ടെത്തിയിരുന്നു.
തിരിമറി നടന്നത് മന്ത്രി കൂടി അറിഞ്ഞാണെന്ന് ഉദ്യോഗസ്ഥൻ ആത്മഹത്യ കുറിപ്പും എഴുതി വച്ചിരുന്നു. ആത്മഹത്യക്കുറിപ്പിൽ, ഗോത്ര വികസന വകുപ്പിന്റെ ക്ഷേമപദ്ധതിക്കായുള്ള 187 കോടി രൂപയിൽ 90 കോടി രൂപ ചില ഐടി കമ്പനികളുടെയും ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് അനധികൃതമായി മാറ്റിയതായി പറയുന്നുണ്ട്.
മന്ത്രിയുടെയും ചില ഉദ്യോഗസ്ഥരുടെയും പേരുകളും പറയുന്നുണ്ട്. കേസിൽ കോർപ്പറേഷന്റെ എംഡി ജെ. ജി. പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.
അതേസമയം, കർണാടകയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഇന്ത്യാ മുന്നണിക്ക് ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ലോക്സഭയിലേക്ക് എത്തുന്നവരിൽ മൂന്ന് പേർ ക്യാബിനറ്റ് മന്ത്രിമാരുടെ മക്കൾ. കർണാടക വനംവകുപ്പ് മന്ത്രിയുടെ മകനും സാമൂഹ്യമ ക്ഷേമ വകുപ്പ് മന്ത്രിയുടെ മകനും പൊതുമരാമത്ത് മന്ത്രിയുടെ മകളുമാണ് കർണാടകയിൽ നിന്ന് ലോക്സഭയിലേക്ക് എത്തുന്നത്.
മത്സര രംഗത്തുണ്ടായിരുന്നത് ക്യാബിനറ്റ് മന്ത്രിമാരുടെ മക്കളായ അഞ്ച് പേരായിരുന്നു. രണ്ട് പേർക്ക് പരാജയം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2019നേക്കാൾ സീറ്റ് നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് കർണാടകയിൽ സാധിച്ചിട്ടുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 1 സീറ്റ് മാത്രം നേടിയ കോൺഗ്രസിന് 2024ൽ 9 സീറ്റുകളാണ് കോൺഗ്രസിന് നേടാനായെന്നത് വലിയ നേട്ടമാണ്. ഇതിനൊപ്പമാണ് മത്സര രംഗത്തുണ്ടായിരുന്ന ക്യാബിനറ്റ് മന്ത്രിമാരുടെ മക്കളിൽ മൂന്ന് പേരും ലോക്സഭയിലേക്ക് എത്തുന്നത്.
https://www.facebook.com/Malayalivartha
























